അലുമിനിയം കമ്പികളിലൂടെ പുഴ കടക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ

ഭുവനേശ്വർ : വലിച്ചുകെട്ടിയ കമ്പിയിലൂടെ തെരുവ് സർക്കസുകാരെ പോലെ പുഴ കടക്കുന്ന കുറേ മനുഷ്യരുണ്ട് ഒഡീഷയിലെ കന്ധമാലിലെ ഗുഞ്ചിബാഡി പഞ്ചായത്തിലെ ബൃന്തപാഡാ ഗ്രാമത്തിൽ. ഇവിടുത്തെ ആദിവാസി വിഭാഗക്കാരായ 150 ഓളം പേർക്ക് പഞ്ചായത്ത് ഓഫീസിലും ആശുപത്രിയിലുമെത്താൻ നിറഞ്ഞൊഴുകുന്ന കാലിപേനു പുഴയ്ക്കു കുറുകെ 20 അടിയോളം ഉയരത്തിൽ വലിച്ചു കെട്ടിയ അലുമിനിയം കമ്പിയിലൂടെ സഞ്ചരിക്കണം.

ഒരു 11 കെ വി ഇലക്ട്രിക് ലെനിനു മുകളിലൂടെയെന്നോണം പുഴകടക്കുന്ന മനുഷ്യരുടെ വീഡിയോ രണ്ട് ദിവസങ്ങൾക്കു മുൻപ് സെപ്റ്റംബർ 23 നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കൈക്കുഞ്ഞുങ്ങളുമായും തലയിലും കയ്യിലും ചുമടുമായും പുഴകടക്കുന്ന ആ മനുഷ്യർ ഇന്ത്യയിലെ അനേകം ഉൾഗ്രാമങ്ങളുടെ നേർചിത്രമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ ചിത്രം പങ്കു വയ്ക്കുകയും ഒഡീഷാ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തുകയും ചെയ്തു.

എന്നാൽ ഈ വിമർശനങ്ങളും പുറം ലോകത്തിൻ്റെ ശ്രദ്ധയും ബൃന്തപാഡായിലെ ഗ്രാമീണർക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. വീഡിയോ വൈറൽ ആയതോടെ ബ്ലോക്ക് ഡെവലപ് മെൻ്റ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരുമെത്തി അലുമിനിയം കമ്പികൾ അഴിച്ചുമാറ്റി.

”ഇതായിരുന്നു ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പോകാനും സർക്കാർ നൽകുന്ന ധാന്യങ്ങളും മറ്റും അവിടെ നിന്നും വാങ്ങാനുമുള്ള ഞങ്ങളുടെ ഏക മാർഗം, ആശുപത്രിയിൽ പോകാനും ഇതേ വഴിയുള്ളൂ, ആ കമ്പികളാണ് അധികാരികൾ അഴിച്ചു കൊണ്ടുപോയത് ”
ഗ്രാമത്തിലെ ആദിവാസി കർഷകനായ നകുല പ്രധാൻ പറയുന്നു.

എന്നാൽ ഗ്രാമീണരുടെ വാദത്തെ ബാലിഗുഡയിലെ സബ് കലക്ടറായ ശുഭാങ്കർ മഹോപാത്ര നിഷേധിക്കുന്നു , ”ഗ്രാമത്തിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുഴയ്ക്ക് കുറുകെ നിർമിച്ച പാലത്തിലെത്താം , അത് ഒഴിവാക്കിയാണ് ഗ്രാമീണർ അപകടകരമായ ഈ എളുപ്പവഴി സ്വീകരിക്കുന്നത് ” അദ്ദേഹം പറയുന്നു.
എന്നാൽ ഉദ്യോഗസ്ഥർ പറയുന്ന ന്യായങ്ങളെ ഗ്രാമവാസികളും ഗ്രാമ പഞ്ചായത്ത് അധ്യക്ഷനും പൂർണമായും തളളിക്കളയുന്നു. “ഗ്രാമത്തിൽ നിന്നും പാലത്തിനടുത്തേക്ക് കുന്നുകളിലൂടെ 4 കിലോമീറ്റർ സഞ്ചരിക്കണം, പാലം കടന്നാൽ പഞ്ചായത്ത് ഓഫീസിനടുത്തേക്ക് എട്ട് കിലോമീറ്റർ വീണ്ടും സഞ്ചരിക്കണം. കമ്പികൾ വഴി പുഴകടന്നാൽ ആകെ 4 കിലോമീറ്റർ മതിയാകും.” കർഷകനായ പ്രസ്തി പ്രധാൻ പറയുന്നു.

“കമ്പിയിലൂടെയുള്ള ഈ യാത്ര ഞങ്ങൾക്ക് ദു:സ്വപ്നം പോലെയാണ്. അത്രയും ഭയന്നു കൊണ്ടാണ് ഞങ്ങൾ മറുകരയിലെത്തുന്നത്. പലരും പുഴയിൽ വീണിട്ടുണ്ട് ” വീട്ടമ്മയായ ലുബാങ് പ്രധാൻ പറയുന്നു. കമ്പിയിലൂടെയുള്ള സർക്കസ് സഞ്ചാരം എന്തായാലും അവസാനിച്ചു , ഇനി ഒരു പകൽ മുഴുവൻ നടന്ന് ‘ യഥാർത്ഥ’ പാലം വഴി പഞ്ചായത്ത് ഓഫീസിലെത്താം, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →