ദുബൈ :ഐ.പി.എല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുമ്ബൈന്‍ ഇന്ത്യന്‍സിന് 49 റണ്‍സിന്റെ ഉജ്ജ്വല വിജയം. മുംബൈക്ക് മികച്ച വിജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും, സൂര്യകുമാര്‍ യാദവിന്റെയും മികച്ച പ്രകടനങ്ങളാണ്. രോഹിത് 54 പന്തില്‍ 3 ബൗണ്ടറിയും, 6 സിക്സറുമടക്കം 80 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 6 ബൗണ്ടറിയും 1 സിക്സുമടക്കം 47 റണ്‍സും നേടി. മുംബൈ നിരയിലെ ബൗളര്‍മാരുടെ പ്രകടനവും എടുത്തു പറയേണ്ടതായിരുന്നു. ട്രെന്റ് ബോള്‍ട്ടും, ജെയിംസ് പാറ്റിന്‍സണും, ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. 12 പന്തില്‍ 33 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സും, 23 പന്തില്‍ 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 11 റണ്‍സെടുത്ത റസ്സലിനെ ബൗള്‍ഡാക്കിയ ബുംറ 16 റണ്‍സെടുത്ത മോര്‍ഗനെ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു.
സ്‌കോര്‍ വെറും എട്ടില്‍ നില്‍ക്കെ ക്വിന്റണ്‍ ഡിക്കോക്കിനെ (1) നഷ്ടമായെങ്കിലും മുംബൈ തിരിച്ചുവരികയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. കിറോണ്‍ പൊള്ളാര്‍ഡ് (13), ക്രുണാല്‍ പാണ്ഡ്യ (1) എന്നിവര്‍ പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കായി ശിവം മാവി 2 വിക്കറ്റും, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

