ബെംഗ്ളൂരു: ബെംഗ്ളൂരു മയക്കുമരുന്ന് കേസിൽ വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ബെംഗളൂരുവിൽ അന്വേഷണം തുടരുന്ന കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ കേസിലെ പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയത്. ഇക്കാര്യം ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരേയും സസ്പെൻഡ് ചെയ്തത്.
എസിപി എം ആർ മുദാവി, ഹെഡ് കോൺസ്റ്റബിൾ മല്ലികാർജുൻ എന്നിവർക്കെതിരെയാണ് ശിക്ഷാനടപടി. വിശ്വാസവഞ്ചനയും എസിപിയുടെ ഭാഗത്ത് നിന്ന് അധികാര ദുർവിനിയോഗവും നടന്നിട്ടുള്ളതായി സിസിബി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജോയിന്റ് കമ്മിഷണർ സന്ദീപ് പട്ടീലിന്റെ നിർദേശമനുസരിച്ച്ബെംഗ്ളൂരു പോലീസ് കമ്മിഷണർ കമൽ പന്തിന്റേതാണ് നടപടി.
പ്രതികളുമായി അടുപ്പമുള്ളവർക്ക് വിവരം ചോർത്തി നൽകുന്നതിനായി ഇവർ പണം കൈപറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം കണ്ടെത്തിയതായി ജോയിന്റ് കമ്മിഷണർ വ്യക്തമാക്കി.
അന്വേഷണസംഘത്തിൽ അംഗങ്ങളല്ലാത്ത ഉദ്യോഗസ്ഥർ കേസിലെ പ്രതികൾക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതായി സൂചന ലഭിച്ചു. ഇതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.

