കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിൽ കോഡ് ബില്ലിനെതിരെ ബി.എം.എസും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡ് ബില്ലിനെതിരെ ബി.എം.എസ്. തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച എതിർപ്പുകളെ അവഗണിച്ചാണ് തൊഴിൽ കോഡുകൾ പാർലമെൻ്റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തതെന്ന് ബി എം എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വ്രജേഷ് ഉപാധ്യായ പറഞ്ഞു.

300 തൊഴിലാളികളിൽ കുറവുള്ള സ്ഥാപനങ്ങളെ വരെ വ്യവസായ തർക്ക നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൻ്റെ അവകാശം ഏകപക്ഷീയമായി സർക്കാരിന് നൽകാനുള്ള വ്യവസ്ഥയും ഈ കോഡുകളിലുണ്ട്. 2020 ഒക്ടോബർ രണ്ടു മുതൽ നടക്കുന്ന ദേശീയ സമ്മേളനം ഭാവി പരിപാടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യസുരക്ഷ , വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ ,ആരോഗ്യം , തൊഴിൽ സാഹചര്യം എന്നിവ സംബന്ധിച്ച മൂന്ന് തൊഴിൽ ചട്ട ബില്ലുകളാണ് പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ രാജ്യ സഭ പാസാക്കിയത്. ഈ മാസം 19നാണ് മൂന്ന് തൊഴില്‍ചട്ട ബില്ലുകൾ ലോക്സഭയില്‍ അവതരിപ്പിച്ചത്.

ഈ ബില്ലുകൾ പ്രകാരം മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ അനുമതി ഇല്ലാതെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും കഴിയുമെന്നും ഇത് തൊഴിലാളി വിരുദ്ധമാണെന്നും പ്രതിപക്ഷവും തൊഴിലാളി യൂണിയനുകളും പറയുന്നു.

നേരത്തേ 100 തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കുമാത്രമുണ്ടായിരുന്ന കിഴിവ് ഒറ്റയടിക്ക് 300 തൊഴിലാളികള്‍വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ ഫാക്ടറികളിലെ 90 ശതമാനത്തിലേറെ തൊഴിലാളികളുടെ ഭാവി നിയമപരമായ പരിരക്ഷയ്ക്ക് പുറത്താകുമെന്നും യൂണിയനുകൾ പറയുന്നു

പതിനാല് ദിവസത്തെ നോട്ടീസ് നല്‍കാതെ പണിമുടക്ക് നടത്താനാകില്ല. പുതിയചട്ട പ്രകാരം വര്‍ഷത്തില്‍ നൂറ്റമ്പതിലേറെ ദിവസം നിയമപരമായി പണിമുടക്കുന്നതിന് തടസ്സമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രേഡ് യൂണിയൻ പ്രവര്‍ത്തനവും നിയന്ത്രിക്കപ്പെടും .

കരാര്‍ തൊഴിലുകളും നിശ്ചിതകാലാവധി തൊഴിലുകളും വര്‍ധിപ്പിച്ച്‌ ക്രമേണ സ്ഥിരം തൊഴിൽ ഇല്ലാതാക്കാനാണ് സർക്കാരിൻ്റെ ശ്രമമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →