മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാം; കേന്ദ്ര സർക്കാറിന്റെ ബിൽ ലോക് സഭ പാസാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് തൊഴിൽ പരിഷ്‌കാര കോഡുകൾ ലോക്‌സഭ പാസാക്കി. മുന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ബില്ലാണ് പാസാക്കിയത്. നിലവിൽ 100ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണിത് ബാധകം.

ബിൽ പ്രാബല്യത്തിലാകുന്നതോടെ 300ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്ക് സേവന, വേതന, ഷിഫ്റ്റ് വ്യവസ്ഥകൾ നിശ്ചയിക്കാൻ കഴിയും. കൂടാതെ മുൻകൂർ അനുമതിയില്ലാതെ അടച്ചുപൂട്ടാനും അവകാശമുണ്ടാകും. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർ അടക്കം എല്ലാ തൊഴിലാളികൾക്കും പിഎഫ്, ഇഎസ്‌ഐ ആനുകൂല്യം ബില്ല് വാഗ്ദാനം ചെയ്യുന്നുണ്ട്.

വനിതാ തൊഴിലാളികൾക്ക് പുരുഷന്മാരുടേത് പോലെ തുല്യമായ വേതനം, കരാർ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികൾക്ക് തുല്യമായ ഗ്രാറ്റുവിറ്റി, അവധി- സേവന-വേതന ആനുകൂല്യങ്ങൾ എന്നിവയാണ് ബില്ലിലെ മറ്റ് പ്രധാനപ്പെട്ട നിർദേശങ്ങൾ. 40 കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ ഫണ്ട് അസംഘടിത, ഓൺലൈൻ, സ്വയം തൊഴിലുകാർക്കായി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ തൊഴിൽ മേഖലയിൽ കാതലായ മാറ്റം വരുത്താൻ ലക്ഷ്യമിട്ട് പുതിയ നിയമങ്ങൾ ആവിഷ്‌കരിച്ചും പഴയ നിയമങ്ങൾ പലതും ലയിപ്പിച്ചുമാണ് കേന്ദ്ര സർക്കാർ ബിൽ സമർപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →