തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഒരു ബൂത്തില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനു മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചര്‍ച്ച നടത്തും.
വീടിന് പുറത്ത് നിന്ന് സാമൂഹിക അകലം പാലിച്ച് വോട്ടഭ്യര്‍ത്ഥിക്കണം. ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി വീടുകളില്‍ കയറി വോട്ടു ചോദിക്കാന്‍ പാടില്ല. അഭ്യര്‍ത്ഥനയും വോട്ടര്‍ സ്ലിപ്പും ഉള്‍പ്പെടെ പുറത്ത് വച്ചാല്‍ മതി. സ്ഥാനാര്‍ത്ഥികള്‍ മാത്രമല്ല, പ്രവര്‍ത്തകരും ഇതു പാലിക്കണം എന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തിലാണ് ഈ നിബന്ധനകള്‍ വ്യക്തമാക്കിയത്. പൊതു പ്രചാരണ പരിപാടിക്ക് അഞ്ച് പേരില്‍ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങള്‍ നടത്താം. സ്ഥാനാര്‍ത്ഥിയെ മാലയിട്ട് സ്വീകരിക്കാന്‍ കഴിയില്ല. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കണം. പത്രികാ സമര്‍പ്പണസമയത്ത് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ രണ്ട് പേര്‍ മാത്രമേ പാടൂള്ളു. ഏജന്റുമാരായി ബൂത്തില്‍ ആകെ 10 പേര്‍മാത്രമേ പാടുള്ളൂ പോളിംഗ് ബൂത്തില്‍ മൂന്നു പേരെ മാത്രം കയറ്റുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച തുടങ്ങും. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കമ്മീഷന്‍ ഈ ആഴ്ച പരിഗണിക്കും.

