ആലപ്പുഴ: 2020 സെപ്തംബര്‍ 6 ന് മത്സ്യ ബന്ധനത്തിന് പോയി തിരികെയെത്തിയ ബോട്ട് ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തില്‍ പെട്ടു. പിന്നീട് രണ്ടാഴ്ച്ചക്കുശേഷം തകര്‍ന്ന നിലയില്‍ കോഴിക്കോട് വെളളയില്‍ കടല്‍പുറത്ത് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ സുനിലിന്‍റെ ബോട്ടാണിത്. മത്സ്യ ബന്ധനത്തിനുശേഷം കായലില്‍ കയറ്റാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ബോട്ട് തൃശൂരിലും പൊന്നാനിയിലും വെച്ച് മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും കരയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ വെളളയില്‍ കടപ്പുറത്ത് അടിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യ തൊഴിലാളികളെ മറ്റുബോട്ടുകാര്‍ രക്ഷിക്കുകയുണ്ടായി. ഉള്‍ക്കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്ന വലിയ ബോട്ടാണ് തകര്‍ന്നടിഞ്ഞത്. ബോട്ടിന് 20 ലക്ഷം രൂപയോളം വിലവരും. നാലുലക്ഷം രൂപ വിലവരുന്ന മൂന്നുവലകളും മൂന്ന് എഞ്ചിനുകളും ബോട്ടിലുണ്ടായിരുന്നുവെന്ന് ഉടമ പറഞ്ഞു. സുനിലിന്‍റെ ഉടമസ്ഥതയിലുളള മറ്റൊരു ബോട്ടും തകര്‍ന്നിരുന്നു.

