ന്യൂഡൽഹി: പാർലമെൻ്റ് പാസാക്കിയ പുതിയ കാർഷിക ബില്ലുകൾ 21-ാം നൂറ്റാണ്ടിൻ്റെ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കോൺഫറൻസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ബില്ലുകളെ ചരിത്രപരമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കാർഷിക മേഖലയുടെ നിയന്ത്രണം തങ്ങൾക്ക് നഷ്ടമാകും എന്നു കരുതുന്ന ചിലരാണ് ബില്ലിനെതിരായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
പതിറ്റാണ്ടുകളായി ഇന്ത്യൻ കർഷകനെ ഇടനിലക്കാർ ചൂഷണം ചെയ്തു വരികയായിരുന്നു. ഈ ബില്ലുകൾ കർഷകരെ അത്തരം പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കും. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവർക്ക് കൂടുതൽ അഭിവൃദ്ധി ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾക്ക് പ്രേരണ നൽകുന്നവയാണ് ബില്ലുകൾ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഠിനാധ്വാനികളായ കര്‍ഷകരെ സഹായിക്കുന്നതിന് നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ആവശ്യകതയുണ്ട്. ഈ ബില്ലുകള്‍ പാസായതോടെ നമ്മുടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളിലേക്ക് എളുപത്തില്‍ പ്രവേശിക്കാനാകും. അത് ഉൽപാദനം വര്‍ധിപ്പിക്കാനും മികച്ച ഫലം ലഭ്യമാക്കാനുമിടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

