അടിമാലി: കടയുടെ ഷട്ടര്‍ പൊളിച്ച് മലഞ്ചരക്കുകടയില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മങ്കുഴി ഒഴുകയില്‍ ഷെയിസ് (39)നെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്. 2020 സെപ്തംബര്‍ 18 വെളളിയാഴ്ച രാത്രി സ്വകാര്യ സ്റ്റാന്‍റിന് സമീപമുളള മലഞ്ചരക്കുകടയില്‍നിന്ന് കുരുമുളക്, ഏലം, ജാതിപത്രി തുടങ്ങി 70,000 രുപയുടെ സാധനങ്ങളാണ് മോഷണം പോയത്.
മോഷണമുതല്‍ അടിമാലിയില്‍ നിന്ന് ഓട്ടോവിളിച്ച് മുരിക്കാശേരിയില്‍ വില്‍പ്പന നടത്തിയിരുന്നു. സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അടിമാലി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഒഴുവത്തേടത്തുളള ബന്ധുവിന്‍റെ വീട്ടില്‍ നിന്നും മോഷ്ടാവിനെ കസ്റ്റഡിയില്‍ എടുത്തത്. മറ്റു 12 മോഷണ കേസുകളില്‍കൂടി ഇയാള്‍ പ്രതിയാണ്.
കഴിഞ്ഞ ദിവസം രാത്രി മോഷണ മുതലുമായി പോകവേ എക്‌സൈസ് ജീപ്പ്‌വരുന്നത് കണ്ട് അടിമാലിയിലെ സ്വര്‍ണ്ണകടയുടെ മുന്‍വശത്ത് ഒരുചാക്ക് കുരുമുളക് ഇയാള്‍ ഉപേക്ഷിക്കുകയും ചെയ്തു. എക്‌സൈസ് ഇത് അടിമാലി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി. റിമാന്‍റ് ചെയ്തു.