തിരുവനന്തപുരം: കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയും മാലിദ്വീപിലെ ഗതാഗത, സിവിൽ ഏവിയേഷൻ മന്ത്രി ഐഷത്ത് നഹുലയും സംയുക്തമായി ഇന്ത്യയും മാലദ്വീപും തമ്മിൽ നേരിട്ടുള്ള ചരക്ക് ഫെറി സർവീസ് ഉദ്ഘാടനം ചെയ്തു.
ആദ്യ യാത്രയിൽ 200 ടിഇയുവും 3000 മെട്രിക് ടൺ ശേഷിയുമുള്ള ഒരു നൗക ഇന്ന് തൂത്തുക്കുടിയിൽ നിന്ന് കൊച്ചിയിലേക്കു തിരിച്ചു. അവിടെ നിന്ന് വടക്കൻ മാലദ്വീപിലെ കുൽഹുദുഫുഷി തുറമുഖത്തേക്കും തുടർന്ന് മാലെ തുറമുഖത്തേക്കും പോകും. 2020 സെപ്റ്റംബർ 26 ന് കുൽഹുദുഫുഷിയിലും 2020 സെപ്റ്റംബർ 29 ന് മാലെയിലും എത്തും.
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഈ ഫെറി സർവീസ് മാസത്തിൽ രണ്ടുതവണ നടത്തും. ഇത് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ചെലവ് കുറഞ്ഞതും നേരിട്ടുള്ളതുമായ ബദൽ ചരക്കു ഗതാഗത മാർഗ്ഗമാണ്. ഈ സർവീസ് വഴി ജനതകൾ തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കാനും ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.
ഇന്ത്യയും -മാലദ്വീപും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധത്തിന്റെയും പ്രതിഫലനമായി സർവീസ് ആരംഭിച്ചതിൽ ഐഷത്ത് നഹുല അഗാധമായ അഭിനന്ദനമറിയിച്ചു.