എളമരം കരീം അടക്കം എട്ട് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ഷക ബില്‍ പ്രതിഷേധം അതിരു വിട്ടെന്ന് ചെയര്‍മാന്‍, രാജ്യസഭയില്‍ ബഹളം വെച്ച് എം.പിമാര്‍

ന്യൂഡല്‍ഹി: കര്‍ഷക ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. കാര്‍ഷിക ബില്‍ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് തുടങ്ങി എട്ടു എംപിമാരെയാണ് രാജ്യസഭ ചെയര്‍മാന്‍ സസ്പെന്‍ഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന എംപിയുമായ ഡെറക് ഒബ്രിയാന്‍ , സഞ്ജയ് സിങ് ( എഎപി), രാജീവ് സതവ് ( കോണ്‍ഗ്രസ്) റുപന്‍ ബോറ( കോണ്‍ഗ്രസ്) , സയീദ് നാസര്‍ ഹുസൈന്‍ ( കോണ്‍ഗ്രസ്), ഡോല സെന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് സസ്പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍. ഇവരെ ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്.

സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരും പ്രതിപക്ഷവും രാജ്യസഭയില്‍ ബഹളം വെച്ചു. എം.പിമാര്‍ സഭ വിട്ടുപോകാന്‍ തയാറായില്ല. നടപടി നേരിട്ടവര്‍ സഭയ്ക്ക് വെളിയില്‍ പോകണമെന്ന് ചെയറിലുണ്ടായിരുന്ന ഭുബനേശ്വര്‍ കാലിത ആവശ്യപ്പെട്ടു. സഭയിലെ പാര്‍ട്ടി നേതാക്കന്മാര്‍ക്ക് സംസാരിക്കാമെന്നും അവര്‍ പറഞ്ഞു. നടപടി നേരിട്ട അംഗങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. എംപിമാര്‍ സഭയില്‍ തുടര്‍ന്നതോടെ ബഹളം രൂക്ഷമായി. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കാനും നാളെ 22-9-2020 ന് രാവിലെ 9 ന് വീണ്ടും സമ്മേളിക്കാനും തീരുമാനമെടുക്കുകയായിരുന്നു. ഉപാധ്യക്ഷന് എതിരായ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചിരുന്നു. ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →