ബെംഗളൂരു: സ്വകാര്യ കൊറിയര്‍ വഴി മയക്കു മരുന്നുകള്‍ വിതരണം ചെയ്ത യുവാവ് പിടിയിലായി. രാജസ്ഥാന്‍ സ്വദേശിയായ വിക്രം ഖിലേരി(25) ആണ് ബെംഗളൂര്‍ പോലീസിന്‍റെ പിടിയിലായത്. സായിബാവയുടെ പ്രസാദമെന്ന പേരില്‍ സ്വകാര്യ കൊറിയര്‍ സേവനങ്ങളും സര്‍ക്കാര്‍ ബസിലെ ഡ്രൈവര്‍മാര്‍ മുഖേനയുമാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ വിതരണം ചെയ്തിരുന്നത്.
സെപ്തംബര്‍ 18 ബുധനാഴ്ച 90 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്. വളരെ ലളിതമായ രീതിയിലാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കവറുകളിലാക്കി സായിബാവയുടെ പ്രസാദമെന്ന പേരില്‍ ആവശ്യക്കാര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു ഇയാളുടെ രീതി .
കൊറിയര്‍ ജീവനക്കാര്‍ക്ക് ഒരുതരത്തിലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ ഇടപാടുകള്‍ എന്ന് പോലീസ് വ്യക്തമാക്കുന്നു. ഹുബാലി, ബെല്ലാരി, ഹാസന്‍, വിജയപുര, കൂടാതെ തമിഴ്നാട്ടിലും ഇയാളില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നവര്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. ഇയാള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നയാളെ കണ്ടെത്താനുളള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

