വി മുരളീധരനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് കാലാവധി നീട്ടൽ അപേക്ഷയിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ കൂടെയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ നിലപാട് കടുപ്പിക്കുകയാണ് സി പി എം. കേന്ദ്ര സഹമന്ത്രിയുടെ നേതൃത്വത്തിൽ സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്നാണ് സി.പി.എം ആരോപണം. നയതന്ത്ര ബാഗേജ് വഴിയല്ല സ്വർണം കടത്തിയത് എന്ന മന്ത്രിയുടെ പ്രസ്താവനയും അതിനു വിരുദ്ധമായി കേന്ദ്ര സർക്കാരും എൻ ഐ എ യും സ്വീകരിച്ചിട്ടുളള നിലപാടുകളുമാണ് സി പി എം ആയുധമാക്കുന്നത്.

”നേരത്തേ ലോക്സഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഇപ്പോൾ എൻ ഐ എയും വി മുരളീധരനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അറ്റാഷെ കേസിൽ കുറ്റവിമുക്തനാണെന്നാണ് വി. മുരളീധരൻ പറയുന്നത്. എന്നാൽ എൻ ഐ എ റിപോർട്ടിൽ പറയുന്നത് കോൺസുലേറ്റ് ഓഫീസ് കേന്ദ്രീകരിച്ച് ഗൗരവമേറിയ അന്വേഷണം നടത്തേണ്ടതുണ്ട് എന്നാണ്. ഒന്നാംപ്രതി ഫൈസൽ ഫരീദ് അടക്കമുള്ളവരെ വിദേശത്തുനിന്നു കൊണ്ടുവരാനുള്ള നടപടി എവിടെയും എത്തിയിട്ടില്ല, ഇതിൽ നിർണായക നടപടി എടുക്കാൻ കഴിയുന്ന ആളാണ് കേന്ദ്രസഹമന്ത്രി വി മുരളീധരൻ, എന്നാൽ അദ്ദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി തുടരുന്ന കാലത്തോളം അന്വേഷണം ശരിയായ ദിശയിൽ പോകില്ല” ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ടുള്ള സ്വപ്ന സുരേഷിൻ്റെ മൊഴിയും കേന്ദ്ര മന്ത്രിയുടെ നയതന്ത്ര ബാഗേജ് വഴിയല്ല സ്വപ്നം കടത്തിയത് എന്ന പ്രസ്താവനയും സമീപ ദിവസങ്ങളിൽ തന്നെയാണ് വന്നിട്ടുള്ളത് എന്നതിനാൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കൂടി എൻ ഐ എയ്ക്ക് ചോദ്യം ചെയ്യേണ്ടതായി വന്നേക്കാമെന്നും അല്ലാത്ത പക്ഷം കോടതിയിൽ അത് ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നുമാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →