കരമന : കരമന ഉമാമന്ദിരം എന്ന വീട്ടില്‍ 5 പേര്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ കേസില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍നായര്‍ക്കെതിരെ നിര്‍ണായക തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കുടുംബാംഗം ജയമാധവന്‍ നായരുടെ വീട്ടില്‍ വച്ച് വില്‍പ്പത്രം തയ്യാറാക്കി എന്ന മൊഴിയാണ് സംശയത്തില്‍ കൊണ്ടെത്തിച്ചത്. രവീന്ദ്രന്‍ നായരുടെ ബാങ്കില്‍ അനധികൃതമായി പണം എത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അതിനുശേഷം രവീന്ദ്രന്‍ നായരെ പ്രതി ചേര്‍ക്കും. ജില്ലാ ക്രൈംബ്രാഞ്ച് എ എസ് പി യുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
കരമനയിലെ ഉമാമന്ദിരത്തില്‍ അഞ്ച് പേരാണ് അസ്വാഭാവികമായി മരണമടഞ്ഞത്. ജയമാധവന്‍ നായരുടെ മരണമായിരുന്നു അവസാനം ഉണ്ടായത്. അതിനുശേഷം അദ്ദേഹത്തിന്റെ 100 കോടിയോളം വില വരുന്ന സ്വത്തുക്കള്‍ രവീന്ദ്രന്‍നായരും ബന്ധുക്കളും എഴുതിയെടുത്ത വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രവീന്ദ്രന്‍ നായരുടെ ഇടപെടലുകള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയത്.
കൂടാതെ വെളുപ്പിന് ആറുമണിയ്ക്ക് വീട്ടില്‍ ബോധം കെട്ടു കിടന്നിരുന്ന ജയമാധവന്‍ നായരെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുചെന്നുവെന്നും അപ്പോഴേക്കും മരണമടഞ്ഞിരുന്നുവെന്നും രവീന്ദ്രന്‍ നായർ മൊഴിയില്‍ പറയുന്നു. എന്നാല്‍ ആ പറയപ്പെടുന്ന ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോയിട്ടില്ല എന്നു കണ്ടെത്തി.
കാലടി കുളത്തറ കൂടത്തില്‍ തറവാട്ടിലെ ഉമാമന്ദിരം വീട്ടില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കള്‍ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു ജ്യേഷ്ഠന്‍ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് 1991 -2017 കാലയളവില്‍ മരിച്ചത്.
ജയമാധവനാണ് അവസാനം മരിച്ചത് 2017 ഏപ്രില്‍ രണ്ടിനു കട്ടിളപ്പടിയില്‍ തട്ടിവീണുള്ള മരണത്തില്‍ സംശയം വർധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും കരമന പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരിയിലെ വില്‍പത്രത്തില്‍, ജയമാധവന്‍ വീട്ടിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും മകന്റെയും പേരില്‍ സ്വത്ത് കൈമാറുന്നതായാണു പറയുന്നത്. ഇതു പിന്നീടു പോക്കുവരവ് ചെയ്തു.
ബന്ധുക്കളും നാട്ടുകാരും പ്രധാനമായും സംശയമുന്നയിക്കുന്നത് ജയമാധവന്‍ (2017), ജയപ്രകാശ് (2012), ജയബാലകൃഷ്ണന്‍ (2002) എന്നിവരുടെ മരണങ്ങളിലാണ്. ജയപ്രകാശിന്റെയും ജയബാലകൃഷ്ണന്റെയും സഹോദരി ജയശ്രീയെ 1991ല്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂവരും വിവാഹം കഴിച്ചിരുന്നില്ല.
കൂടത്തായി ജോളിയുടെ കേസ് പുറത്തു വന്നതിനുശേഷമാണ് ബന്ധുക്കളും നാട്ടുകാരും സംശയമുന്നയിച്ചു മുന്നോട്ട് വന്നത്. അതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

