തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും റജിസ്ട്രാറും അഞ്ച് സിന്‍ഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. തെളിവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ രാമചന്ദ്രന്‍ നായര്‍, പ്രോ.വി.സി ഡോ.വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ.എ റഷീദ്, ബി.എസ് രാജീവ്. എം.പി റസ്സല്‍, കെ.എ ആന്‍ഡ്രൂ, രജിസ്ട്രാറായിരുന്ന കെ.എ ഹാഷിം എന്നിവരായിരുന്നു ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. ഇതില്‍ എ.എ റഷീദും എം.പി റസ്സലും സി.പി.എം നേതാക്കളാണ്.
കേരള സര്‍വകലാശാല അസിസ്റ്റ് ഗ്രേഡ് നിയമന ക്രമക്കേട് മധ്യപ്രദേശിലെ വ്യാപകം തട്ടിപ്പിന്റെ മോഡലാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2008 മേയ് 20 നാണു അസിസ്റ്റന്റ് തസ്തികയില്‍ വിവാദ നിയമനങ്ങള്‍ നടത്തിയത്. നൂറോളം സാക്ഷികളും രേഖകളുമടക്കം അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആദ്യം ക്രമക്കേടിനെ കുറിച്ച് റിട്ട. ജസ്റ്റീസ് കെ.സുകുമാരന്റെ നേതൃത്വത്തില്‍ ഹൈക്കോടതി നിയോഗിച്ച സമിതി അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് തട്ടിപ്പിനു നേതൃത്വം നല്‍കിയതെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇത് ആസൂത്രണം ചെയ്തതെന്നുമാണ് ക്രൈംബ്രാഞ്ച് നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
40,000 ഓളം പേര്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം, പാര്‍ട്ടി അനുഭാവികളെയും സ്വന്തക്കാരെയും തിരുകിക്കറ്റിയാണ് നിയമന നടപടികളില്‍ ക്രമക്കേട് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.പരീക്ഷയ്ക്ക് വരാത്തവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നില്ല. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചപ്പോള്‍ തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയ വി.സിയുടെ ലാപ്ടോപ് മോഷണം പോയെന്ന് വിരമിച്ച് ഒരു വര്‍ഷത്തിന് ശേഷം വി.സി അറിയിച്ചു. ഇങ്ങനെ വ്യാപകമായ ക്രമക്കേടായിരുന്നു അസിസ്റ്റന്റ് നിയമനത്തില്‍ നടന്നത്.അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം. എന്നാല്‍ ഈ കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാല്‍ പാഷ നിയമനം നേടിയവര്‍ക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഉത്തരവിട്ടു, ഈ കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസില്‍ നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവ്. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ, അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് മതിയാകില്ല. വിശദമായ തുടരന്വേഷണം തന്നെ വേണം. അതിനാല്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനില്‍ക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്ന് കേസിലെ ഏഴ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. ഇപ്പോള്‍ ഇവര്‍ തത്സ്ഥാനത്ത് തുടരുന്നില്ലെന്നതിനാല്‍ ചാന്‍സലറെന്ന നിലയില്‍ തന്റെ അനുമതി ആവശ്യമില്ലെന്നും സര്‍ക്കാറിന് ഉചിതമായ നടപടിയെടുക്കാമെന്നും ഗവര്‍ണര്‍ മറുപടി നല്‍കി. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമായിയിരുന്നു ഗവര്‍ണറുടെ നടപടി. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്ന് നിയമവകുപ്പ് സെക്രട്ടറിയും സര്‍ക്കാറിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രതികളുടെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ പശ്ചാതലത്തിലാണ് ക്രൈംബ്രാഞ്ചിന് കോടതിയില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാനായത്.