നടന്നത് പ്രതികളുടെ മൊഴി ശരിയാണോ എന്നറിയാനുള്ള പരിശോധന; താന്‍ വെറും 160-ാമത്തെ സാക്ഷി; കെ.ടി. ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് മന്ത്രി കെ.ടി. ജലീല്‍. ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത് എന്നും മന്ത്രി പറയുന്നു. പ്രതികളുടെ മൊഴി ശരിയാണോ എന്നറിയാന്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നും കെ.ടി. ജലീല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. സാക്ഷി എന്ന നിലയിലാണ് മൊഴി രേഖപ്പെടുത്തിയത്. എനിക്ക് എന്താണ് ഒളിക്കാനുള്ളത് എന്തെങ്കിലും മറച്ചുവയ്ക്കാന്‍ ഉണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ. എന്നും മന്ത്രി ചോദിച്ചു.

മറ്റു സാക്ഷികളുടെ മൊഴിയെടുക്കുമ്പോള്‍ പുതിയതായി എന്തെങ്കിലും വിവരങ്ങള്‍ അറിയേണ്ടതുണ്ടെങ്കില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും വിളിക്കാനിടയുണ്ടെന്നും കെ.ടി. ജലീല്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും നോട്ടീസ് നല്‍കിയത് ഒരേ സമയത്താണ്. മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് മാധ്യമങ്ങളുമായി പങ്കുവയ്ക്കേണ്ട കാര്യമുണ്ടോ എന്നും മന്ത്രി ചോദിച്ചു.

എന്നെ വിളിപ്പിച്ചവര്‍ അക്കാര്യം മാധ്യമങ്ങളെ അറിയിച്ചിട്ടില്ല. പിന്നെ താന്‍ എന്തിന് അറിയിക്കണമെന്നും കെ.ടി. ജലീല്‍ ചോദിച്ചു. കല്യാണം ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ക്ഷണിച്ച ആളാണ് എല്ലാവരോടും പറയേണ്ടത്. അല്ലാതെ ക്ഷണിക്കപ്പെട്ട ആളല്ല എന്ന് കെ.ടി. ജലീല്‍ ഉദാഹരണവും നല്‍കി. രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തുന്ന സമരത്തോടു താനല്ല പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും തനിക്കും പറയാനില്ലെന്ന് കെ.ടി. ജലീല്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →