വയനാട്: മാനന്തവാടിയില്‍ റിമാന്‍ഡ് പ്രതി ഹൃദയാഘാതത്തെ തുടര്‍ന്ന് ജയിലില്‍ മരിച്ചതില്‍ പരാതിയുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കള്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. പേര്യ കൊളമതറ വനത്തില്‍ ചരിഞ്ഞ ആനയുടെ കൊമ്പ് മോഷ്ടിച്ച കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്ത കാട്ടിയേരി കോളനിയിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടി ജയിലില്‍ വെച്ച് രാജുവിന് ഹൃദയാഘാതം ഉണ്ടാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. 2020 സെപ്തംബര്‍ മൂന്നിന് രാജു ഉള്‍പ്പെടെ മൂന്ന് പേരെയായിരുന്നു വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വെച്ച് രാജുവിന് മര്‍ദ്ദനമേറ്റതാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
രാജുവും അറസ്റ്റിലായ മറ്റു രണ്ടുപേരും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് ആനക്കൊമ്പ് മോഷ്ടിച്ചതെന്നാണ് വനംവകുപ്പിന്റെ ഭാഷ്യം. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. രാജുവിന്റെ മൃതദേഹം സബ് കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

