തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പ്രതിപക്ഷം കടുപ്പിച്ചു. എൻ.ഐ. എ ചോദ്യം ചെയ്യുമ്പോഴും ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യത്തിനു തന്നെ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജി വയ്ക്കുന്നില്ല എങ്കിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
ജലീലിനെ സംരക്ഷിക്കുമ്പോൾ മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലേക്കാണ് വരുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയിലേക്കു തന്നെയും അന്വേഷണമെത്തും എന്ന ഭയമാണ് സി.പി.എമ്മിനും സർക്കാരിനുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ ജലീലിനെ പൂർമായും പിന്തുണച്ചു കൊണ്ട് സി.പി.എം , സി.പി.ഐ നേതാക്കൾ രംഗത്തെത്തി. മന്ത്രി രാജി വയ്ക്കേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം എം.വി. ഗോവിന്ദൻ പറഞ്ഞു. ചോദ്യം ചെയ്യുക എന്നത് നിയമപരമായ കാര്യം മാത്രമാണെന്നും, ചോദ്യം ചെയ്തു എന്നതു കൊണ്ടു മാത്രം രാജി വച്ചാൽ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

