ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും ഇതില്‍ 111 ശ്രമങ്ങള്‍ വിജയിച്ചതായും
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആറുമാസത്തിനിടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി. ജമ്മു കശ്മീരില്‍ 2019 ഓഗസ്റ്റ് മുതല്‍ 2020 ജൂലൈ വരെയാണ് 176 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നത്.യഥാക്രമം 48, 40, 26 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ 2019 ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലുണ്ടായി. എന്നാല്‍ 2020 മാര്‍ച്ച് ഒന്നുമുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ 138 തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിന് വേലികെട്ടലും സൈനികവിന്യാസവും സാങ്കേതിക-ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൂന്നുവര്‍ഷത്തിനിടയില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 594 നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായെന്ന് ആഭ്യന്തരസഹമന്ത്രി ജി. കിഷന്‍ റെഡ്ഡിയും പറഞ്ഞു. ഇതില്‍ 312 നുഴഞ്ഞുകയറ്റം വിജയിച്ചു. 2018-ല്‍ 143, 2019-ല്‍ 141, 2020 ജൂലായ് വരെ 28 എന്നിങ്ങനെയാണിത്. ഈ കാലയളവില്‍ 582 ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. 46 ഭീകരര്‍ അറസ്റ്റിലുമായി. 2018 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടുവരെ ജമ്മുകശ്മീരില്‍ 76 സൈനികരും കൊല്ലപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.

