ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തുകയും പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അക്രമികള്‍ രണ്ട് പേരെ കൊലപ്പെടുത്തുകയും മൂന്ന് പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. രാജസ്ഥാന്‍ സ്വദേശികളും ഉത്തര്‍പ്രദേശ് സ്വദേശിയുമായ സാവന്‍, മുഹോബത്ത്, ഷാരൂഖ് ഖാന്‍ എന്നിവരാണ് പിടിയിലായത്. പതിനൊന്നു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പഞ്ചാബ് ഡിജിപി ദിനകര്‍ ഗുപ്ത പറഞ്ഞു. മോഷ്ടിച്ചതില്‍ ചില ആഭരണങ്ങളും 1500 രൂപയും കണ്ടെടുത്തു. പണവും ആഭരണങ്ങളും അക്രമികള്‍ പങ്കുവെച്ചിരുന്നു. പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയില്‍ 19-8-2020 നാണ് റെയ്‌നയുടെ പിതൃസഹോദരി ആശാ റാണിയുടെ കുടുംബം ആക്രമിക്കപ്പെട്ടത്.
രാത്രി ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പിതൃസഹോദരീ ഭര്‍ത്താവ് അശോക് കുമാര്‍(58) കൊല്ലപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ മകന്‍ കൗശല്‍ കുമാര്‍(32) ഓഗസ്റ്റ് 31ന് മരണത്തിനു കീഴടങ്ങി.
അറസ്റ്റിലായ പ്രതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ മോഷണവും പിടിച്ചുപറിയും നടത്തി ജീവിക്കുന്ന കൊള്ളസംഘത്തിലെ അംഗങ്ങളാണ്. മുന്‍പ് ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബിന്റെ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇവര്‍ കൊള്ള നടത്തിയിട്ടുണ്ട്. പ്രദേശവാസിയായ ഒരാളുടെ സഹായത്തോടെയാണ് കൊള്ളസംഘം റെയ്‌നയുടെ ബന്ധുവീട്ടില്‍ മോഷണത്തിന് എത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്തിയതോടെ കേസിന് പരിഹാരമായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
ആശാ റാണി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മറ്റൊരു മകന്‍ അപിന്‍ കുമാറും അശോക് കുമാറിന്റെ അമ്മ സത്യദേവിയും ആശുപത്രി വിട്ടു.നൂറുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിയോഗിച്ചിരുന്നു.

