ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി പാക്കിസ്ഥാൻ; ഇന്ത്യ യോഗം ബഹിഷ്കരിച്ചു; പാക്കിസ്ഥാനെ അതൃപ്തി അറിയിച്ച് ആതിഥേയരായ റഷ്യ

ന്യൂഡൽഹി: കശ്മീരും ഗുജറാത്തിലെ ജുനഗഡും ഉൾപ്പെടുത്തിയ പാക്ക് ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനാ അംഗങ്ങളുടെ കൂടിക്കാഴ്ച ഇന്ത്യ ബഹിഷ്‌കരിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് കൂടിക്കാഴ്ച ബഹിഷ്‌കരിച്ച് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാർ പങ്കെടുത്ത വിർച്വൽ മീറ്റിങ്ങിൽ നിന്നാണ് അജിത് ഡോവൽ വാക്കൗട്ട് നടത്തിയത്. സംഭവത്തിൽ അധ്യക്ഷ രാഷ്ട്രമായ റഷ്യ പാകിസ്ഥാനെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

യോഗത്തിൽ പങ്കെടുത്ത പാക്കിസ്ഥാൻ പ്രതിനിധി ഡോ. മൊയീദ് യൂസഫ് തന്റെ പിന്നിൽ പാക്കിസ്ഥാന്റെ ഭൂപടമെന്ന നിലയിൽ കശ്മീർ ഉൾപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്തിലെ ജുനഗഡ് എന്നീ പ്രദേശങ്ങൾ, പ്രദർശിപ്പിച്ച പാക്ക് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ഭൂപടം പ്രദർശിപ്പിക്കാൻ പാക്കിസ്ഥാനെ അനുവദിച്ചതിൽ അദ്ധ്യക്ഷ സ്ഥാനത്തുള്ള റഷ്യയെ അജിത് ഡോവൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തിൽ ജമ്മു കശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്ന ഭൂപടം പാക്കിസ്ഥാൻ പുറത്തിറക്കിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിൽ അതൃത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പാക്കിസ്ഥാൻ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പ്രദർശിപ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →