സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടറും മന്ത്രി പുത്രനും ബിസിനസ് പങ്കാളികൾ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ട് എന്ന് ആരോപിക്കപ്പെടുന്ന എഎഫ്എക്സ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി മന്ത്രി ഇ.പി. ജയരാജൻ്റെ മകൻ പി.കെ.ജയ്സന് അടുത്ത ബന്ധമാണുള്ളത് എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു.

പി.കെ ജയ്സൺ ചെയർമാനായ കണ്ണൂർ മൊറാഴയിലെ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടർമാരിൽ ഒരാളായ എസ്. സി. സുജാതൻ വിസ സ്റ്റാമ്പിംഗ് ഏജൻസിയായ യുഎഎഫ്എക്സ് സൊല്യൂഷൻസിൻ്റെ ഡയറക്ടർ കൂടിയാണ്.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെൻ്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തൻ്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുളള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ നിന്നും ലഭിച്ച കമ്മീഷനാണ് എന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിൽ എൻഫോഴ്സ്മെൻ്റിൻ്റെ അന്വേഷണം നടന്നു വരികയാണ്.

മന്ത്രിയുടെ മകൻ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് 2018 ൽ സ്വപ്ന സുരേഷിന് വിരുന്ന് സൽകാരം നൽകിയതിൻ്റെ ഫോട്ടോകൾ കേന്ദ്ര എജൻസികളുടെ കയ്യിൽ ഉണ്ട്. സ്വപ്നയുമായി ഇദ്ദേഹത്തിനുള്ള ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയുമാണ്. മന്ത്രിയുടെ മകനെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും എന്ന റിപ്പോർടും പുറത്തു വന്നിരുന്നു.
മുതിർന്ന നേതാക്കളുടെയും മന്ത്രിമാരുടെയും മക്കളുടെ ബിസിനസ് ബന്ധങ്ങൾ സി.പി.എമ്മിനും സർക്കാരിനും തലവേദനയാകുകയാണ്. ബ്രാഞ്ച് തലത്തിൽ അടക്കമുള്ള പാർടി അണികളിൽ അമർഷം പുകയുന്നുണ്ട് എന്നാണ് പാർടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →