തിരുവനന്തപുരം: വെഞ്ഞാറമ്മൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ കൊല നടത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 13-9 -2020 പുലര്‍ച്ചെ 2നായിരുന്നു തെളിവെടുപ്പ്.
അന്‍സാര്‍, നജീബ്, അജിത് എന്നീ പ്രതികളെയാണ് ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബര്‍ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോള്‍ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും ഇന്നലെ എത്തിച്ച് തെളിവെടുത്തിരുന്നു. ഇവർ കൃത്യത്തില്‍ നേരിട്ട് പങ്കാളിയാകാത്തവരാണ്. ഗൂഢാലോചന നടത്തിയത് സംബന്ധിച്ചാണ് തെളിവെടുത്തത്.
തിരുവോണതലേന്ന് രാത്രിയിലാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവത്തകരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍

