ജയന് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകം; മന്ത്രി കെ രാജു

കൊല്ലം: അനശ്വര നടനായ ജയന്റെ സ്മരണാര്‍ത്ഥം കൊല്ലം ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകമാണെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. ജില്ലാ പഞ്ചായത്ത് ജയന്റെ പേരില്‍ നാമകരണം ചെയ്ത് പുതുക്കിപ്പണിത ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയനെ സ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉചിതമായ ഒരിടമാണ് സ്മാരകമായ ഹാള്‍. ജയന്‍ മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്ത് ജയന്റെ വീടിനടുത്ത് തന്നെ അദ്ദേഹത്തിനായി സ്മാരകം ഒരുക്കിയത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ജയന്റെ പേരിലാണ് ഹാള്‍ നിര്‍മ്മിക്കുന്നതെന്നറിഞ്ഞ് ആരാധകരില്‍ നിന്നും നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചതായി അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. ജനഹൃദയങ്ങളില്‍ ജയന്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ  തെളിവാണിതെന്നും അവര്‍ പറഞ്ഞു.

ജയന്റെ സിനിമ സംഭാഷണ ശൈലി അദ്ദേഹം സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയെടുത്തതാണോ എന്നറിയാന്‍ ജയനെ കാണാന്‍ പോയ കഥ എംഎല്‍എ മുകേഷ് വിവരിച്ചു. സംഭാഷണം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി ആണെന്നും മിമിക്രിക്കാര്‍ അദ്ദേഹത്തെ തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ താന്‍ ഒരിക്കല്‍ പ്രതിഷേധിച്ചതും മുകേഷ് ഓര്‍മപ്പെടുത്തി. ജയന്റെ ഛായചിത്രം മുകേഷ് അനാച്ഛാദനം ചെയ്തു.

കോളേജില്‍ പഠിക്കുന്ന കാലത്ത് ജയന്റെ സംഭാഷണങ്ങള്‍ ഉപയോഗിച്ച് കൂട്ടുകാരുമായി രസിച്ചു നടന്ന കാലഘട്ടം മനസ്സില്‍ നിന്നും മായുന്നില്ലെന്നും താന്‍ ജയന്‍ ഫാനാണെന്നും എം നൗഷാദ് എംഎല്‍എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്റെ സഹോദരപുത്രി ഡോ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ഫിനാന്‍സ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →