കാസര്‍കോട്: എക്‌സൈസ് റെയ്‌ഞ്ചോഫീസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 106 ലിറ്റര്‍ മദ്യം അപ്രത്യക്ഷമായതായി അസിസ്‌റ്റന്‍റ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. കുറ്റക്കാരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പോലീസില്‍ പരാതി നല്‍കി. വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്താനാവാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനുപിന്നില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം.
2020 ഏപ്രലിലാണ് എക്‌സൈസ് റേഞ്ച് ഓഫീസില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യം അപ്രത്യക്ഷമായത്. റേഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇത് സംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 10 അബ്‌ക്കാരി കേസുകളിലായി പിടിച്ചെടുത്ത 106 ലിറ്റര്‍ മദ്യം കാണാതായതായി കണ്ടെത്തിയത്.
എക്‌സൈസ് മേധാവിയുടെ ഉത്തരവനുസരിച്ചാണ് കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പുറത്തുനിന്നും വന്ന ഒരാള്‍ക്ക് ഇത്രയധികം മദ്യം കടത്താന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പോലീസ്. മദ്യം കാണാതായ കാലഘട്ടത്തില്‍ ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാകും അന്വേഷണം എന്ന് പോലീസ് പറഞ്ഞു. എക്‌സൈസിന് വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

