തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മിക്കയിടത്തും പ്രതിഷേധ പ്രകടനങ്ങൾ സംഘർഷത്തിലേക്ക് വഴിമാറുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബി.ജെ.പി 12-09-20 ശനിയാഴ്ച സംസ്ഥാനത്ത് കരിദിനമായും ആചരിക്കുകയാണ്.
കോഴിക്കോട് പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം വളാഞ്ചേരിയിലെ കെ.ടി.ജലീലിൻ്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കോട്ടയത്ത് ബി.ജെ.പി പ്രവർത്തകർ എം സി റോഡ് ഉപരോധിച്ചു. തൃശൂരിലും കൊല്ലത്തും BJP പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

