ചെമ്പൈ പൈതൃക സംഗീത ഗ്രാമം നിര്‍മാണോദ്ഘാടനം 13 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും

പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം തദ്ദേശീയര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അറിയാനും ആസ്വദിക്കാനും കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മയ്ക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല് കോടി ചെലവില്‍ നിര്‍മിക്കുന്ന പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 13 ന് വൈകീട്ട് നാലിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും.

ചെമ്പൈ സാംസ്‌ക്കാരിക സമുച്ചയം, മ്യൂസിയം എന്നിവയാണ് പൈതൃകഗ്രാമത്തിലെ പ്രധാന ഘടകങ്ങള്‍. രണ്ട് ഹാള്‍, രണ്ട് അതിഥി മുറി, സ്റ്റേജ്, ഗ്രീന്‍ റൂം, സ്ത്രീ- പുരുഷ വിഭാഗക്കാര്‍ക്കായി പ്രത്യേകം ശുചിമുറികള്‍, വിശാലമായ മുറ്റം ഉള്‍പ്പെടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ചെമ്പൈ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആര്‍.ജയരാജന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍, ചെമ്പൈ ട്രസ്റ്റ് ചെയര്‍മാന്‍ ചെമ്പൈ സുരേഷ്, കോട്ടായി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7801/Inauguration-of-Chembai-Heritage-Music-Village.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →