ബാംഗ്ലൂർ : കോവിഡ് 19 ചികിത്സാരംഗത്ത് വിവിധ വൈദ്യശാസ്ത്ര ശാഖകൾ തമ്മിൽ നടക്കുന്ന മത്സരം കോടതിയിലെത്തിയപ്പോൾ കർണാടക ഹൈക്കോടതി നടത്തിയത് കൗതുകമുള്ള മറ്റൊരു നിരീക്ഷണം. കോവിഡ് ചികിത്സക്ക് ആയുർവേദം ആണോ അലോപ്പതി ആണോ മികച്ചത് എന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്നാണ് ഹർജിക്കാരോട് ഹൈക്കോടതി ചോദിച്ചത്.
കോവിഡ് ബാധിതർക്ക് അലോപ്പതി ചികിത്സ നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവുകൾ മനുഷ്യാവകാശ ലംഘനമാണെന്നും ഏതു ചികിത്സ വേണമെന്ന് തെരഞ്ഞെടുക്കാൻ പൗരന്മാർക്ക് അവകാശം ഉണ്ടെന്നും കാണിച്ച് രണ്ട് ആയുർവേദ ഡോക്ടർമാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി രസകരമായ നിരീക്ഷണം നടത്തിയത്. ആയുർവേദ ഡോക്ടർമാരായ എ വർഗീസ്, പ്രിയങ്ക അറോറ എന്നിവരാണ് കോടതിയെ സമീപിച്ചത്. വാദം കേട്ട ശേഷം സെപ്റ്റംബർ 27 ലേക്ക് കോടതി കേസ് മാറ്റിവച്ചു.
ആയുർവേദം വളരെ ദീർഘമായ പാരമ്പര്യമുള്ള ചികിത്സാപദ്ധതി ആണെന്നും കോവിഡിൻ്റെ പല ലക്ഷണങ്ങളെയും പരിഹരിക്കാൻ ആയുർവേദത്തിൽ മരുന്നുകൾ ഉണ്ടെന്നും ആയുർവേദ മരുന്നുകൾ ശരീരത്തിന് രോഗ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നതാണെന്നും ഹർജിക്കാർ വാദിച്ചു.
ആയുർവേദ മരുന്നുകൾ മാത്രമുപയോഗിക്കുന്ന ഒരാളെ അലോപ്പതി മരുന്നുകൾ മാത്രം കഴിക്കാൻ നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാർ പറയുന്നു

