“ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ” രമേശ് ചെന്നിത്തല; പരാമർശം വിവാദം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദം. കുളത്തൂപ്പുഴയിൽ യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പരാമർശം ഉണ്ടായത്. പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ പ്രവര്‍ത്തകനാണോയെന്ന ചോദ്യത്തിനാണ് ചെന്നിത്തലയുടെ വിവാദ മറുപടി ഉണ്ടായത്.

പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ കുളത്തൂപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പ്രദീപ് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം തുടരുമ്പോഴാണ് വിവാദ പ്രസ്താവന. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടക വീട്ടിലെത്തുന്നത്.

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്. വീട്ടില്‍ തനിച്ചായിരുന്ന ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പിടിച്ച്‌ തള്ളിയിടുകയും ചെയ്തു. കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടര്‍ന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. കുളത്തൂപ്പുഴ സ്വദേശിയായ യുവതി വെള്ളറടയിലെ സുഹൃത്തിന്‍റെ സഹായത്തോടെ പാങ്ങോട് പൊലീസില്‍ പരാതി നല്‍കി. കേസില്‍ പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ക്രൂരമായ ബലാത്സംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ലാഘവത്തോടെ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ അടക്കം ചോദ്യം ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →