പബ്ജി കളിക്കാൻ പതിനഞ്ചുകാരൻ മുത്തച്ഛൻ്റെ 2 ലക്ഷം രൂപ തട്ടിയെടുത്തു

ന്യൂഡല്‍ഹി: പബ്ജി കളിക്കാൻ പതിനഞ്ചുകാരനായ കൊച്ചുമകൻ മുത്തച്ഛൻ്റെ 2 ലക്ഷം രൂപ തട്ടിയെടുത്തു.  എ.ടി.എം തട്ടിപ്പിന് ഇരയായതായി പരാതിപ്പെട്ട മുത്തച്ഛൻ പണം തട്ടിയെടുത്തത് പേരക്കുട്ടി ആണെന്നറിഞ്ഞ് ഞെട്ടി. ഡൽഹിയിലാണ് പബ്ജി ഗെയിമിന് അടിമയായ കുട്ടി മുത്തച്ഛനെ വെട്ടിലാക്കിയത്.
മുത്തച്ഛൻ്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നാണ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തത്.
പെന്‍ഷന്‍ അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട് മൊബൈലില്‍ വന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ട 65കാരന്‍ എ ടി എം തട്ടിപ്പിന് ഇരയായി എന്നാണ് സംശയിച്ചത്. അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുളളൂ എന്നതായിരുന്നു സന്ദേശം.

പോലീസ് നടത്തിയ അന്വേഷണത്തിൽ പേരക്കുട്ടിയാണ് പ്രതി എന്ന് കണ്ടെത്തുകയായിരുന്നു. ഒടിപി വഴി പെൻഷൻ അക്കൗണ്ടില്‍ നിന്ന് പേടിഎം വാലറ്റിലേക്കാണ് രണ്ടു ലക്ഷം രൂപ മാറ്റിയത്. പേടിഎം വാലറ്റ് ആരുടെ പേരിലാണ് എന്ന അന്വേഷണം 23 വയസുള്ള പങ്കജ് കുമാർ എന്ന ഒരാളിലേക്കാണ് ചെന്നെത്തിയത്. അയാളെ ചോദ്യം ചെയ്തപ്പോൾ മുത്തച്ഛൻ്റെ 15 കാരനായ പേരക്കുട്ടിയാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിയുകയായിരുന്നു. ഈയിടെ പബ്ജി നിരോധിച്ചിരുന്നു. അതിന് മുൻപാണ് തട്ടിപ്പ് നടത്തിയത്.

Share
അഭിപ്രായം എഴുതാം