തൊഴിലില്ലായ്മ നിരക്ക് 8.35ശതമാനമായി: നഗരത്തില്‍ പത്തിലൊരാള്‍ക്ക് ജോലിയില്ല

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ 8.35 ശതമാനത്തിലെത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ മാസമിത് 7.43 ശതമാനമായിരുന്നു.നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 9.83 ശതമാനമായി ഉയര്‍ന്നെന്നും സിഎംഐഇ കണക്കുകള്‍ പറയുന്നു. ജൂലൈയില്‍ ഇത് 9.15 ശതമാനമായിരുന്നു, ഓഗസ്റ്റിലെ നഗര തൊഴിലില്ലായ്മ നിരക്ക് 9.83 ശതമാനത്തിലേത്തിയപ്പോള്‍, നഗര മേഖലയിലെ പത്തില്‍ ഒരാള്‍ക്ക് ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും വര്‍ധിച്ചിട്ടുണ്ട്. ജൂലൈയിലെ 6.66 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 7.65 ശതമാനത്തിലേക്കെത്തിയിരിക്കുകയാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്. ഹരിയാനയാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്ത്യന്‍ സംസ്ഥാനം. 33.5 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപുറകെ 27.9 ശതമാനത്തോടെ ത്രിപുരയുമുണ്ട്. കൊവിഡ് പൂര്‍വ മാസങ്ങളായ ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നിവയിലേതിനെക്കാള്‍ വളരെ കൂടുതലാണ് ഓഗസ്റ്റ് മാസത്തെ തൊഴിലില്ലായ്മ നിരക്ക് എന്നതും ശ്രദ്ധേയം. ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.22 ശതമാനത്തിനും 7.66 ശതമാനത്തിനും ഇടയിലായി വര്‍ധിച്ചു. ബാങ്ക് വായ്പയും മറ്റും സ്വീകരിച്ച് സ്വയംതൊഴില്‍ കണ്ടെത്തി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ചെറുപ്പക്കാരും ഇപ്പോള്‍ പെരുവഴിയിലേക്കിറങ്ങുകയാണ്. കോവിഡ്-ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മൊറോട്ടോറിയം കാലാവധി പിന്‍വലിച്ചതാണ് തൊഴിലുണ്ടായിരുന്നവരെയും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. മൊറോട്ടോറിയവും പിഴപ്പലിശയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന വിശദീകരണത്തോടെയാണ് റിസര്‍വ് ബാങ്ക് ഈ കടുംകൈയ്‌ക്കൊരുങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →