മോസ്‌കോ: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെംഗും കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനെത്തിയ വേളയിലാണ് മോസ്‌കോയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ രാജ്നാഥ് സിങ് പങ്കെടുത്തത്.
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ (എല്‍എസി) സംഘര്‍ഷമുണ്ടായതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ഉന്നത രാഷ്ട്രീയ മുഖാമുഖ കൂടിക്കാഴ്ചയായിരുന്നു ഇത്. പ്രശ്നപരിഹാരത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നേരത്തെ ടെലഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തെക്കന്‍ തീരത്തുള്ള പാങ്കോങ് തടാകത്തില്‍ സ്ഥിതിഗതികള്‍ മാറ്റാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമങ്ങളെ ഇന്ത്യന്‍ പ്രതിനിധി സംഘം ശക്തമായി എതിര്‍ത്തു. ചര്‍ച്ചകളിലൂടെ നിലപാട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. രാത്രി 9.30ന് മോസ്‌കോയിലെ ഹോട്ടലില്‍ ആരംഭിച്ച ചര്‍ച്ചയില്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി.ബി വെങ്കടേഷ് വര്‍മ്മയും ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു. കിഴക്കന്‍ ലഡാക്കിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.