തൃശൂര്‍: ഡോക്ടര്‍മാരുടെ ഒഴിവ് നികത്താതെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലുള്ളവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് നിയോഗിച്ചാല്‍ ഗുരുതര രോഗങ്ങളുടെ ചികിത്സ പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. കോവിഡ് ഗുരുതരമായി ബാധിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും സേവനം അനിവാര്യമാണ്. കോവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ളവരെ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ നിന്നെത്തിക്കുന്നത് മെഡിക്കല്‍ കോളജിലേക്കാണ്. മറ്റ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന രോഗികളും മെഡിക്കല്‍ കോളജിലുണ്ട്. ചാലക്കുടിയിലെ ഒരു സെന്ററിലേക്ക് ഒരു ഡോക്ടറടക്കം അഞ്ച് ജീവനക്കാരെ മാറ്റി വെള്ളിയാഴ്ച ഉത്തരവിറങ്ങിയിരുന്നു. ഓരോ ബാച്ചായാണ് കോവിഡ് ഡ്യൂട്ടി. അതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കുമ്പോള്‍ കൂടുതല്‍ പേരെ നിയോഗിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ താത്ക്കാലിക ഡോക്ടര്‍മാരെയോ മറ്റോ നിയോഗിച്ചാല്‍ മതിയാകുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്.
ജീവനക്കാരുടെ ക്വാറന്റൈനും മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. കോവിഡ് ചികിത്സ തുടങ്ങിയ ശേഷം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ശസ്ത്ര ക്രിയകളെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിറുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ചെയ്യേണ്ട ഈ ശസ്ത്രക്രിയകളെല്ലാം അടിയന്തിര ശസ്ത്രക്രിയകളായി മാറി. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവ് മെഡിക്കല്‍ കോളജിലുണ്ട്. കോവിഡ് കേന്ദ്രങ്ങളിലെ താത്ക്കാലിക നിയമനത്തിന് ഡോക്ടര്‍മാര്‍ തയാറാവുന്നില്ലെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍, നോണ്‍ക്‌ളിനിക്കല്‍ 250, പിജി വിദ്യാര്‍ത്ഥികള്‍ 400, ഹൗസ് സര്‍ജന്‍മാര്‍ 118 എന്നിങ്ങനെയാണ്. ഗവ.മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ത്ഥികളെയും ഹൗസ് സര്‍ജന്‍മാരെയും മെഡിക്കല്‍ കോളേജിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കണം. കോവിഡ് അല്ലാതെയുള്ള മറ്റ് ഡ്യൂട്ടികള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, ലാബ് വര്‍ക്കുകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പ് തുടങ്ങിയ ജോലികള്‍ നിലവില്‍ ചെയ്യുന്നുണ്ട്. കെജിഎംസിടിഎ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പരിഗണിച്ചാല്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാമെന്ന് കെജിഎംസിടിഎ മെഡിക്കല്‍ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. ലെയ്‌സണ്‍ ലോനപ്പന്‍ പറയുന്നു. കെ.ജി.എം.ടി.സി.എയുടെ നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെയാണ്, പിജി വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജില്ലകളിലെ കേന്ദ്രങ്ങളില്‍ ഡ്യൂട്ടി നല്‍കാം, ഡ്യൂട്ടി ചെയ്യുന്ന പിജിക്കാര്‍ക്ക് നിശ്ചിത മാര്‍ക്ക് അനുവദിക്കാം, സേവന വേതന വ്യവസ്ഥകള്‍ കൃത്യമായി ഉറപ്പുവരുത്തണം.