ജയ്പൂര്‍: രാജസ്ഥാനിലെ സീകര്‍ ജില്ലയില്‍ ജാതി പഞ്ചായത്ത് അമ്മായിയേയും മരുമകനേയും നഗ്നരാക്കി നാന്നൂറോളം ജനങ്ങളുടെ മുന്പില് നടത്തിയെന്ന് പരാതി. രാജസ്ഥാൻ സാൻസി സോഷ്യൽ റിഫോം ആൻഡ് ഡവലപ്മെന്റ് ട്രസ്റ്റിന്റെ പ്രാദേശിക അദ്ധ്യക്ഷന്‍ സവായി സിംഗ് മാലാവത് ആണ് സീകര്റിലെ എ എസ് പി-യ്ക്ക് പരാതി നല്‍കിയത്. ആഗസ്റ്റ് 21-ാം തിയതിയാണ് നിന്ദാജനകമായ സംഭവം നടക്കുന്നത്. സംഭവം നടന്ന് 11 ദിവസത്തിനുശേഷമാണ് പോലീസിന് വിവരം ലഭിച്ചതെന്ന് പറയുന്നു.
സീകർ ജില്ലയിലെ നേഝവാ ഗ്രാമ പഞ്ചായത്തിലെ സോല ഗ്രാമനിവാസികളായ, ബന്ധത്തില്‍ അമ്മായിയും മരുമകനുമായ, രണ്ടു പേരുടെ അവിഹിതബന്ധത്തിന്റെ വീഡിയോ നാട്ടില്‍ പരക്കാനിടയായി. വിവരമറിഞ്ഞ പഞ്ചായത്ത് മറ്റു സമീപ പഞ്ചായത്തുകളിലെ പ്രധാനികളെ വിളിച്ചുകൂട്ടി. സീകർ, ഝുന്‍ഝുനു, ബികാനേർ, ചൂരു എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേർ ചേർന്ന് ശിക്ഷ വിധിച്ചത്. ഇവരില്‍ ഒരാള്‍ സർക്കാറില്‍ നിന്നും റിട്ടയർ ചെയ്ത ഉദ്യാഗസ്ഥനും മറ്റൊരാള്‍ സർക്കാർ ഉദ്യോഗസ്ഥനുമാണ്.
രണ്ടുപേരും ശുദ്ധീകരണപ്രക്രിയയെന്ന നിലയില്‍ നാട്ടുകാരുടെ മുന്പില് നഗ്നരായി കുളിക്കണമെന്നായിരുന്നു ശിക്ഷ. ഇതിനുപുറമെ യുവതിയില്‍ നിന്നും 22,000 രൂപയും യുവാവില്‍ നിന്നും 31,000 രൂപയും പിഴയായി ഈടാക്കി. രണ്ടു കുടുംബാംഗങ്ങളുടേയും സമ്മതത്താലാണ് പഞ്ചായത്ത് ഈ ശിക്ഷ നടപ്പാക്കിയതെന്ന് എ എസ് പി ദേവേന്ദ്രശർമ പറഞ്ഞു.
സംഭവത്തില്‍ പത്ത് പേർക്കെതിരേയാണ് പരാതി നല്‍കിയതെന്ന് സാന്‍സി സംഘടന നേതാവ് സവായ്സിംഗ് പറഞ്ഞു. യുവതി തെറ്റുകാരിയാണെങ്കില്‍ തന്നെ പ്രാകൃത ശിക്ഷ നല്കാന് പാടില്ലെന്നും അദ്ദേഹം പറയുന്നു. ജാതി നേതാക്കള്‍ കോടതിയോട് ഈ ചോദ്യത്തിന് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യം അവഗണിച്ചാണ് വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ശിക്ഷ നടപ്പാക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ജാതി പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയുള്ള പരാതിയിന്മേല് കേസെടുത്തിട്ടുണ്ടെന്ന് ലക്ഷ്മിഗഢ് എ എസ് പി ദേവേന്ദ്ര ശര്‍മ്മ അറിയിച്ചു. യുവതിയെ അപമാനിച്ചവരെ ചോദ്യം ചെയ്യുമെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

