ന്യൂഡല്‍ഹി: വെനസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഏറ്റവും വലിയ ഉപഭോക്താവായി മുകേഷ് അംബാനിയുടെ റിലയന്‍സ്. ദിനേന 216000 ബാരല്‍ ഇന്ധനമാണ് റിലയന്‍സ് വെനസ്വേലയില്‍ നിന്ന് വാങ്ങുന്നത്.ആഗസ്ത് മാസത്തില്‍ വെനസ്വേലയുടെ പകുതിയിലധികം ഇന്ധന കയറ്റുമതിയും നടന്നത് റിലയന്‍സിന് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക വെനസ്വേലയ്ക്കതിരെ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയതിനെ തുടര്‍ന്ന് ജൂലൈയിലാണ് റിലയന്‍സ് വീണ്ടും വേനസ്വേലയില്‍ നിന്ന് ഇന്ധന ഇറക്കുമതി ആരംഭിച്ചത്.
അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2012ലാണ് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങിയത്. എണ്ണ ഉത്പാദന കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് വെനസ്വേല. 15 വര്‍ഷത്തേക്കാണ് വെനസ്വേല സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എയില്‍ നിന്ന എണ്ണ വാങ്ങല്‍ കരാറില്‍ ഒപ്പുവെച്ചത്. മുന്‍കാലങ്ങളില്‍ പ്രതിദിനം 300,000-400,000 ബാരല്‍ എണ്ണയാണ് റിലന്‍സിന്റെ ഒയില്‍ കമ്പനി വാങ്ങിയിരുന്നത്.

