കൊച്ചി: ഇന്ത്യാ സൈക്കിള്‍സ് ഫോര്‍ ചേഞ്ച് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സൈക്കിള്‍ സൗഹൃദമാകാന്‍ കൊച്ചി ഒരുങ്ങുകയാണ്. ഇതിനായി കൊച്ചി സ്മാര്‍ട്ട മിഷന്‍ ലിമിറ്റഡിന്‍റെ (സിഎസ്എംഎല്‍) നേതൃത്വത്തില്‍ ആദ്യ യോഗം നടന്നു. ചലഞ്ച് നടപ്പാക്കുന്നതിനുളള റൂട്ട്, തന്ത്രങ്ങള്‍ എന്നിവയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്.
കൊച്ചിയിലെ വിവിധ ഭാഗങ്ങളിലുളള സൈക്കിള്‍ പാതകളില്‍ ചലഞ്ച് നടപ്പാക്കുന്നതിനുളള സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിനുളള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുളള തത്രപ്പാടിലാണ് അധികൃതര്‍. സൈക്കിളിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, പൊതു ഇടങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ചലഞ്ച് വിജയിക്കണമെങ്കില്‍ കൊച്ചിയില്‍ 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോഡില്‍ പരീക്ഷണം നടത്തി നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടതുണ്ട്. പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ 14 നാണ്. ഇതില്‍ വിജയിക്കുന്ന നഗരങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കും.
സിഎസ്എംഎല്‍ സിഇഒ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ ,ജില്ലാ കളക്ടര്‍,കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി , മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ട്രാഫിക്ക് അസിസ്റ്റന്‍റ് കമ്മീഷണര്‍, കൊച്ചി മെട്രോ പ്രതിനിധികള്‍, സൈക്ലിസ്റ്റുകള്‍ തുടങ്ങിയവരാണ് ചലഞ്ച് മുന്നൊരുക്ക സമിതിയിലുളളത്. സിഎസ്എംഎല്‍ നടത്തുന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ http://forms .gle/6qzMKNPicPy2PwMs9 എന്ന ലിങ്കുവഴി പങ്കെടുക്കാവുന്നതാണ്