തിരുവനന്തപുരം: വധശിക്ഷ കാത്ത് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയ യുടെ ശിക്ഷ അപ്പീല്‍ കോടതി സ്‌റ്റേ ചെയ്‌തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ. ശിക്ഷ നീട്ടിവയ്‌ക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. അതോടെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്‌ക്കുകയായിരുന്നു. നിമിഷയുടെ കേസ് കൈകാര്യം ചെയ്യുന്ന വക്കീല്‍ അഡ്വ.കെ.എല്‍ ബാലചന്ദ്രനാണ് ഈ വിവരം അറിയിച്ചത്.
ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്‌ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് കോടതിമുമ്പാകെ ചൂണ്ടിക്കാട്ടുന്നത്.
ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്‌തിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷക്കെതിരെയുളള കേസ്. നിമിഷയെ കൊലപാതകിയാക്കിയ സാഹചര്യങ്ങളും അബ്ദുമഹ്‌തിയുടെ ക്രിമിനല്‍ സ്വഭാവവും കേസില്‍ പരിഗണിക്കണമെന്ന് ഉന്നത കോടതിയോട് അപ്പീലിലൂടെ ആവശ്യപ്പെട്ടു.
കേസിന്‍റെ വിധിപകര്‍പ്പ് ഇന്ത്യന്‍ എംബസിവഴി ലഭിച്ചു. കഴിഞ്ഞദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ജയിയിലെത്തി നിമിഷയെ കണ്ട് അപ്പീല്‍ നല്‍കാനുളള കടലാസുകളില്‍ ഒപ്പിട്ടു വാങ്ങിയിരുന്നു. കേസ് വാദിക്കാന്‍ യെമന്‍കാരനായ അഭിഭാഷകനേയും ഏര്‍പ്പെടുത്തിയിരുന്നു.

