ഹോട്ടൽ മുറിയിൽ പെൺകുട്ടി മരിച്ചതിന് കാരണം അമിത രക്തസ്രാവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ സുഹൃത്തിനോടൊപ്പം എത്തിയ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്. അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുലിനെ ( 25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ സംഭവിക്കുന്ന ഹൈപ്പോവോലെമിക് ഷോക്ക് ( hypovolemic shock) എന്ന അവസ്ഥയിൽ പെണ്‍കുട്ടിയെത്തി. ഇതാണ് മരണകാരണമായത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഇക്കഴിഞ്ഞ 12നാണ് ആലപ്പുഴ ഏഴുപുന്ന സ്വദേശിനിയായ പെൺകുട്ടി ഹോട്ടൽ മുറിയിൽ അമിത രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലെത്തിയത്. ആശുപത്രിയിലെത്തിച്ച യുവതി വൈകാതെ മരിക്കുകയും ചെയ്തു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഗോകുലിന്‍റെ നിർബന്ധപ്രകാരമാണ് ഇന്‍റർവ്യു എന്ന് കള്ളം പറഞ്ഞ് പെൺകുട്ടി കൊച്ചിയിലെത്തിയതും ഇരുവരും ചേർന്ന് ഹോട്ടലിൽ മുറിയെടുത്തതും. ഇവിടെ വച്ച് പെൺകുട്ടിക്ക് രക്തസ്രാവമുണ്ടായി.

രഹസ്യമായി റൂമെടുത്തതിനാലാണ് ആശുപത്രിയിൽ പോകാന്‍ ആദ്യം ഭയന്നതെന്ന് ഗോകുൽ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചു. ചികിത്സ വൈകിയതും മരണത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്. വിശദമായ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →