പാലക്കാട് പദ്ധതി നിർവ്വഹണത്തിലെ സുതാര്യത വികസനരംഗത്ത് മാറ്റം സൃഷ്ടിച്ചു : മന്ത്രി എ.കെ ബാലൻ

പാലക്കാട്: വികസന പദ്ധതികളുടെ നിർവഹണത്തിലെ സുതാര്യത വികസനരംഗത്ത് തന്നെ വലിയ മാറ്റം സൃഷ്ടിച്ചതായി പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ഓങ്ങല്ലൂർ പഞ്ചായത്തിനെയും ഷൊർണൂർ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന കാരക്കാട് – കാരമണ്ണ പാലം ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരംഭിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുണ്ട്. സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും പ്രവൃത്തികള്‍ ഏറ്റെടുക്കുന്നവരുടെയും മനോഭാവത്തില്‍ വന്ന മാറ്റമാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സർക്കാറിന് സാധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം 55000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നത്. 10,000 ല്‍ ഏറെ റോഡുകളാണ് പുതിയ സാങ്കേതിക വിദ്യയായ ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ചത്. ഏകദേശം 20,000 കിലോമീറ്റര്‍ റോഡുകളാണ് ഇപ്രകാരം നവീകരിച്ചത്. 517 പാലങ്ങളുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. കഴിഞ്ഞ 100 വര്‍ഷത്തെ കേരള നിര്‍മ്മാണ ചരിത്രമെടുത്താല്‍ നാല് വര്‍ഷം കൊണ്ട് ഇത്രയധികം പാലങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ 100 ഓളം പാലങ്ങള്‍ കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ആരംഭിച്ചതാണ്. തരൂർ മണ്ഡലത്തിൽ നിർമ്മാണം മുടങ്ങിക്കിടന്ന അത്തിപ്പൊറ്റ പാലം, പാലോളികുണ്ട് പാലം എന്നിവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 7500 ല്‍ ഏറെ സര്‍ക്കാര്‍ കെട്ടിടങ്ങളാണ് ഈ കാലയളവില്‍ നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. പുതിയ സാങ്കേതിക വിദ്യ, കൂടുതല്‍ ഡിസൈന്‍ കേന്ദ്രങ്ങള്‍ , ചീഫ് എൻജിനീയർമാരുടെ നിയമനം, കൂടുതല്‍ ഡിവിഷനുകൾ, ജീവനക്കാരുടെ വർദ്ധനവ് തുടങ്ങിയ ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയതിന്‍റെ ഫലമാണ് ഈ മാറ്റം. 650 കിലോ മീറ്ററിൽ കാസര്‍ഗോഡ്-കളിയിക്കാവിള ദേശീയപാത നിര്‍മ്മാണത്തിന് 44000 കോടിയും , 3500 കോടി രൂപയുടെ മലയോര ഹൈവേ, ഇന്ത്യയില്‍ ആദ്യമായി സൈക്കിള്‍ ട്രാക്കോടുകൂടി 14 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന തീരദേശ ഹൈവേ തുടങ്ങിയ നിരവധി മേജര്‍ പദ്ധതികള്‍ നടന്നുവരികയാണ്.

പൊതുമരാമത്ത് വകുപ്പിന്റെ മികവാര്‍ന്ന പ്രവർത്തനത്തിന് ഫലമാണ് പട്ടാമ്പി- പുലാമന്തോൾ റോഡ്. 17 കോടി ചെലവിൽ ഉന്നതനിലവാരത്തോടെ റോഡ് നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ കാലാവധി കഴിഞ്ഞ എല്ലാ റോഡുകളും ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ 700 കോടി രൂപയുടെ പദ്ധതി ടെണ്ടര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്‍റെ കാലാവധി കഴിയുമ്പോള്‍ കേടുപാടുകളുള്ള ഒരു റോഡും സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്നതാണ് സര്‍ക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടാമ്പി-ഷോർണൂർ‍ തീരദേശ റോഡിനേയും ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിനേയും ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയേയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് കാരമണ്ണപാലം. നബാര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി 285 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. 2018 സെപ്തംബറില്‍ ഭരണാനുമതി ലഭിച്ച പദ്ധതി 2019 സെപ്തംബറില്‍ നിര്‍മ്മാണം ആരംഭിക്കുകയും 8 മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയും ചെയ്തു. ഉദ്ഘാടന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യാതിഥിയായി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണ ദാസ്, ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിമല ടീച്ചര്‍, ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജിഷാര്‍ പറമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഷൊര്‍ണ്ണൂര്‍ നഗരസഭാംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7450/Minister-AK-Balan.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →