മോസ്‌കോ: പ്രതിപക്ഷനേതാവ് അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച് റഷ്യ. സൈബീരിയയിലെ അന്വേഷകര്‍ പ്രാഥമിക തെളിവുകളും ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലുകളും മറ്റും ശേഖരിച്ചുവരുകയാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബീരിയന്‍ വിഭാഗം പറഞ്ഞു.
കഴിഞ്ഞയാഴ്ച സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് വിമാനം ഓംസ്‌കില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയുമായിരുന്നു.