കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പുസ്തക പ്രസാധകരും പ്രിൻറിംഗ് സ്ഥാപനങ്ങളും പുതിയൊരു വെല്ലുവിളിയെ നേരിടുകയാണ്. പുസ്തകം അച്ചടിക്കാനും പുറത്തിറക്കാനും ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി നേടണമെന്ന നിയമമാണ് അവിടെ ഉടൻ നടപ്പിലാക്കപ്പെടാൻ പോകുന്നത്. പഞ്ചാബ് പ്രവിശ്യാ അസംബ്ലി പാസാക്കിയ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല, എങ്കിലും പാക്കിസ്ഥാനെ പോലെ ഒരു രാജ്യത്ത് തീർത്തും സാങ്കേതികമായ ആ കടമ്പ കടന്ന് നിയമം പ്രാബല്യത്തിൽ വരാൻ അധികം താമസമുണ്ടാകില്ല. പ്രവിശ്യയിലെ മത യാഥാസ്ഥിതികരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അധികൃതർ ഇങ്ങനെയൊരു നിയമനിർമാണത്തിനു തയ്യാറായത് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു. എങ്കിലും പാക്കിസ്ഥാനെ പോലെ ഒരു രാജ്യത്ത് തീർത്തും സാങ്കേതികമായ ആ കടമ്പ കടന്ന് നിയമം പ്രാബല്യത്തിൽ വരാൻ അധികം താമസമുണ്ടാകില്ല. പ്രവിശ്യയിലെ മത യാഥാസ്ഥിതികരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അധികൃതർ ഇങ്ങനെയൊരു നിയമനിർമാണത്തിനു തയ്യാറായത് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
നിയമത്തെക്കുറിച്ച് പുസ്തക പ്രസാധകരും വിൽപ്പന ശാലകളും കടുത്ത ആശങ്കയിലാണ്. ഇനി മുതൽ പുസ്തകം പ്രസിദ്ധീകരിക്കാൻ മാത്രമല്ല ഒരു ലഘുലേഖ അച്ചടിക്കാൻ പോലും സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി ആവശ്യമായി വരും. പുറമേനിന്ന് പുസ്തകങ്ങൾ ഇറക്കുമതി ചെയ്യാനും വിൽപന നടത്താനുമെല്ലാം ഇനി ഈ കടമ്പ കടക്കേണ്ടതുണ്ട്.
ഇനി മുതൽ എന്ത് എഴുതി പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുന്നത് ചില ഉദ്യോഗസ്ഥർ ആയിരിക്കും. ഉദ്യോഗസ്ഥർക്ക് പുസ്തകങ്ങൾ പിടിച്ചെടുക്കാനും പ്രസിദ്ധീകരണശാല തന്നെ കണ്ടുകെട്ടാനും അധികാരം നൽകുന്നതാണ് പുതിയ നിയമം. പാക്കിസ്ഥാന്റെ ഐക്യവും അഖണ്ഡതയും മുൻനിർത്തിയാണ് നിയമം എന്നാണ് പ്രവിശ്യാ അസംബ്ലിയിലെ ഭരണ നേതൃത്വത്തിന്റെ ന്യായം. മതനിന്ദ തടയൽ, ലൈംഗിക അതിപ്രസരത്തെ പ്രതിരോധിക്കൽ, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയാണ് നിയമം എന്ന് അവർ പറയുന്നു. എന്നാൽ അതിസൂക്ഷ്മമായ സെൻസറിങ് ആണ് ഇതുവഴി നടക്കാൻ പോകുന്നത് എന്ന് മറുപക്ഷം വാദിക്കുന്നു. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ പുസ്തകങ്ങളെ നിരോധിക്കാൻ കുറച്ച് ഉദ്യോഗസ്ഥർക്ക് അധികാരം നൽകുകയാണ് സർക്കാർ.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറിന്റെ ഡയറക്ടർ ജനറലിന് ഏതു പ്രസാധക സ്ഥാപനത്തിലും പുസ്തക വിൽപ്പന കേന്ദ്രത്തിലും റെയ്ഡ് നടത്താനും പുസ്തകങ്ങളും പ്രിൻറിംഗ് ഉപകരണങ്ങളും കണ്ടുകെട്ടാനും സാധിക്കും.
പഞ്ചാബ് പ്രവിശ്യയിൽ മാത്രമായി ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത് കൊണ്ട് അധികൃതർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല എന്നാണ് പ്രസാധകർ പറയുന്നത്. പഞ്ചാബിന് പുറത്ത് പാകിസ്ഥാനിൽ തന്നെ എവിടെ വേണമെങ്കിലും അവ പ്രസിദ്ധീകരിക്കാം. അങ്ങനെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ ഒരൊറ്റ പ്രവിശ്യയ്ക്കകത്ത് മാത്രം വിൽക്കാൻ പാടില്ല എന്നെല്ലാം പറയുന്നതിന്റെ യുക്തി ദുരൂഹമാണെന്നും അവർ പറയുന്നു.
പാക്കിസ്ഥാനിൽ മതമൗലികവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങൾ പ്രവിശ്യാ സർക്കാരുകളുടെ മേലും കോടതികളുടെ മേൽ പോലും വർധിച്ചുവരുന്നതായാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. 2019 ൽ മാത്രം പാക്കിസ്ഥാനിൽ ഒമ്പതുലക്ഷം വെബ്സൈറ്റുകളാണ് മതനിന്ദ, ലൈംഗികത, സായുധസേനകൾക്ക് എതിരായ പരാമർശങ്ങൾ, ഭരണകൂട വിമർശനം, നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യൽ, തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് നിരോധിച്ചത്.
ഈ വർഷം ജനുവരിയിൽ ആണ് ഇസ്ലാമിൻറെ ചരിത്രം പ്രമേയമാക്കിയ ലെസ്‌ലി ഹാസിൽടണിൻറെ ഒരു പുസ്തകം ഇത്തരത്തിൽ നിരോധിക്കപ്പെട്ടത് . അത്രയും കാലം ആളുകൾ വാങ്ങുകയും വായിക്കുകയും ചെയ്ത പുസ്തകമായിരുന്നു ഒരൊറ്റ ദിവസം കൊണ്ട് നിയമവിരുദ്ധമായി മാറിയത്.
മുഹമ്മദ് ഹനീഫിന്റെ അവാർഡിനർഹമായ ‘ദ കേസ് ഓഫ് എക്സ്പ്ലോഡിംഗ് മാംഗോസ്’ എന്ന ഹാസ്യ നോവലും ഇതു പോലെ നിരോധിക്കപ്പെട്ടു. ഗാന്ധിയുടെ ഉദ്ധരണികൾ അടങ്ങിയ ഒരു പുസ്തകവും മൂന്ന് പന്നികൾ ചെറിയ കുട്ടികളെ എണ്ണാൻ പഠിപ്പിക്കുന്ന കഥയുള്ള മറ്റൊരു പുസ്തകവും പ്രത്യേകിച്ച് ഒരു വിശദീകരണവും നൽകാതെ അധികൃതർ നിരോധിച്ചു.
സ്വതന്ത്ര ചിന്തയെ വല്ലാതെ ഭയക്കുന്ന യാഥാസ്ഥിതിക സമൂഹങ്ങൾ പാകിസ്ഥാനിൽ
ശക്തിപ്പെട്ടുവരുന്നു എന്നതിൻറെ വ്യക്തമായ സൂചനകളാണ് ഇതിലൂടെയെല്ലാം പുറത്തു വരുന്നത്. ഗവർണറുടെ ഒപ്പ് കാത്തുകിടക്കുന്ന പഞ്ചാബ് പ്രവിശ്യയിലെ നിയമം ഒരു മുഴം മുന്നിൽ എറിയപ്പെട്ടു എന്നു മാത്രം.

