തിരുവനന്തപുരം: തീപിടുത്തത്തെ തുടർന്ന് സെക്രട്ടറിയേറ്റിലും പരിസരത്തും ഉടലെടുത്ത സാഹചര്യം ചീഫ് സെക്രട്ടറി കൈകാര്യം ചെയ്തത് പ്രശംസനീയമായ വിധത്തിലാണെന്ന് എന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ അഭിനന്ദിച്ചു. സെക്രട്ടറിയേറ്റിന് സുരക്ഷാ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രിസഭായോഗം നിർദേശിച്ചു.
എന്നാൽ ചീഫ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷനേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു. വിശ്വാസ് മേത്തയല്ല അവിശ്വാസ് മേത്തയാണ് ചീഫ് സെക്രട്ടറി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീപിടുത്തം ഉണ്ടായ ഉടനെ തന്നെ ബിജെപിയുടെ നാലു നേതാക്കൾ സെക്രട്ടറിയേറ്റ് കോമ്പൗണ്ടിൽ എത്തിയിരുന്നു. ഇവരെ പോലീസിനെക്കൊണ്ട് നീക്കം ചെയ്യിച്ച ചീഫ് സെക്രട്ടറി മാധ്യമപ്രവർത്തകരെയും പുറത്താക്കി. തുടർന്ന് സാഹചര്യങ്ങൾ അവരോട് ചുരുക്കത്തിൽ വിവരിച്ചു. ഈ നടപടിയെ ആണ് മന്ത്രിസഭായോഗം ജാഗ്രതയോടെയുള്ള പ്രവർത്തനം എന്ന് പറഞ്ഞ് അഭിനന്ദിച്ചത്.