ഭുവനേശ്വര്‍: ദലിത് പെണ്‍കുട്ടി ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ നിന്ന് പൂ പറിച്ചതിന് പ്രതികാരമായി ഒഡീഷയില്‍ 40 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. ഒഡീഷയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലെ 40 ദലിത് കുടുംബങ്ങള്‍ക്കാണ് ‘സവര്‍ണര്‍’ ഊരുവിലക്കേര്‍പ്പെടുത്തിയത്. 40 കുടുംബങ്ങള്‍ക്കും ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വിവാഹങ്ങളിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. ഗ്രാമത്തിലെ റേഷന്‍ കടകളിലും പലചരക്ക് കടകളിലും ചെന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്.കടകളില്‍നിന്നും തങ്ങള്‍ക്ക് സാധനങ്ങളൊന്നും നല്‍കുന്നില്ലെന്നും അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കുറഞ്ഞത് അഞ്ചുകിലോമീറ്റര്‍ നടക്കേണ്ട അവസ്ഥയാണെന്നും വിലക്ക് നേരിട്ട ഒരാള്‍ പറഞ്ഞു.
പതിനഞ്ചുകാരി പൂ പറിച്ചതിന് പിന്നാലെ രണ്ടാഴ്ച മുമ്പാണ് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.800 കുടുംബങ്ങളാണ് ഗ്രാമത്തില്‍ താമസം. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍ പെട്ട നായിക് സമുദായക്കാരാണ്.
നായിക് സമുദായ അംഗങ്ങളെല്ലാം ചേര്‍ന്ന് തങ്ങളെ ഊരുവിലക്കിയെന്നാരോപിച്ച് ജില്ലാ ഭരണകൂടത്തിനും പൊലീസിലും ഇവര്‍ പരാതി നല്‍കി. അതേസമയം, ദലിത് സമുദായക്കാരോട് സംസാരിക്കരുതെന്ന് ഗ്രാമീണരോട് ആവശ്യപ്പെട്ടതായി ഗ്രാമ സര്‍പഞ്ചും തീരുമാനമെടുത്ത സമിതി അംഗങ്ങളും സ്ഥിരീകരിച്ചു. എന്നാല്‍, മറ്റ് ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. ദലിത് സമുദായക്കാരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടത് ശരിയാണെന്നും അത് അവര്‍ ചെയ്ത തെറ്റുകള്‍ മൂലമാണെന്ന് ഗ്രാമവികസന സമിതി സെക്രട്ടറി ഹര്‍മോഹന്‍ മല്ലിക് പറഞ്ഞു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാണിതെന്നും ഒടുവില്‍ അത് പരിഹരിക്കപ്പെടുമെന്നും ഗ്രാമ സര്‍പഞ്ച് പ്രണബന്ധു ദാസ് പറഞ്ഞു.
മകള്‍ തെറ്റ് ചെയ്ത വിവരം അറിഞ്ഞപ്പോള്‍തന്നെ തങ്ങള്‍ ആ വീട്ടുകാരോട് മാപ്പ് ചോദിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ നിരഞ്ജന്‍ നായിക് പറഞ്ഞു. പക്ഷേ, ഗ്രാമത്തിലെ ഒരു വിഭാഗം അപ്പോഴേക്കും പലതവണ യോഗം ചേര്‍ന്ന് തങ്ങളെ ഒന്നാകെ ഊരുവിലക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് പരാതി നല്‍കുകയും പിന്നീട് രണ്ട് തവണ സമാധാന യോഗം കൂടുകയും ചെയ്തെങ്കിലും വിഷയത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.