കൊച്ചി: നടന്‍ മോഹന്‍ലാലിന് ആദ്യമിടാന്‍ വെച്ച പേര് റോഷന്‍ലാല്‍ എന്നായിരുന്നു. പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്തുകെട്ടേണ്ടന്ന് പറഞ്ഞത് അച്ഛനും, ‘മോഹന്‍ലാല്‍ കയറിവന്ന പടവുകള്‍’ എന്ന തന്റെ ആത്മകഥയിലാണ് തന്റെ പേരിന് പിന്നിലെ കഥ മോഹന്‍ലാല്‍ വിവരിച്ചത്. തനിക്ക് പേരിട്ടത് വലിയമ്മാവനായ ഗോപിനാഥന്‍ നായരാണെന്നും പിന്നീട് മോഹിപ്പിക്കുന്ന പേര് തന്നെ ആവട്ടെ എന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ എന്ന പേര് അമ്മാവന്‍ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നെന്നുംമോഹന്‍ലാല്‍ ആത്മകഥയില്‍ പറയുന്നുണ്ട്. പേരിന് പിറകില്‍ വാല്‍പോലെ ജാതിപേര് വെയ്‌ക്കേണ്ട എന്ന് തീരുമാനിച്ചത് തന്റെ അച്ഛനാണെന്നും മോഹന്‍ലാല്‍ ആത്മകഥയില്‍ പറയുന്നു. പത്തനംതിട്ട ഇലന്തൂരിലാണ് താന്‍ പിറന്നുവീണത്. തന്റെ അമ്മയും അമ്മൂമ്മയും അമ്മാവന്മാരും പറഞ്ഞുതന്ന കഥകളിലൂടെയാണ് ഇലന്തൂരിന്റെ വിശേഷങ്ങള്‍ അറിഞ്ഞത് എന്നും ലാല്‍ എഴുതുന്നു.
ആത്മകഥയില്‍ നിന്നുള്ള ഭാഗം:
വീട്ടില്‍ നിന്നും ഏറെ അകലെയായിരുന്നില്ല അച്ഛന്‍ വീടും. നെല്ലിക്കാലയിലെ മേമുറിയില്‍ വിശ്വനാഥന്‍ നായര്‍ എന്നാണ് അച്ഛന്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. പുന്നയ്ക്കല്‍ തറവാട്ടില്‍ വലിയ പന്തലൊക്കെ ഇട്ടായിരുന്നു അമ്മയുടെയും അച്ഛന്റയും വിവാഹം നടന്നത്.
അതിനുമുമ്പേ അപ്പൂപ്പന്‍ പത്തനംതിട്ട ടൗണില്‍ സ്വന്തമായി വീടുവെച്ചിരുന്നു. ലക്ഷ്മി വിലാസം എന്നായിരുന്നു ആ വീടിന്റ പേര്. ഞാനും ജ്യേഷ്ഠനും പിറന്ന ആ വീട് ഇന്നില്ല. നെല്ലിക്കാലയിലെ അച്ഛന്റ തറവാടും വര്‍ഷങ്ങള്‍ക്കു മുമ്പേ വിറ്റുപോയതാണ്. ഇലന്തൂരിലെ പുന്നയ്ക്കല്‍ തറവാട് മാത്രമാണ് ഇപ്പോഴുള്ളത്. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരിയുടെ മക്കള്‍ക്ക് പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പേരിട്ടത് വലിയമ്മാവന്‍ ഗോപിനാഥന്‍ നായരാണ്. ജാതിപ്പേര് വാലുപോലെ ചേര്‍ത്തുകെട്ടാതെ മക്കള്‍ വിളിക്കപ്പെടണമെന്ന ആഗ്രഹം അച്ഛന്റേതായിരുന്നു. അമ്മാവന്‍ എനിക്കാദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ലാല്‍ എന്നായിരുന്നുവത്രേ. പിന്നീട് മോഹിപ്പിക്കുന്ന ഒരു പേര് തന്നെ ആവട്ടെ എന്ന അമ്മാവന്റെ തീരുമാനം എന്നെ മോഹന്‍ലാലാക്കി. പ്രായം കൊണ്ട് അഞ്ചു വയസ്സിന്റെ വ്യത്യാസമേ ഞാനും ജ്യേഷ്ഠനും തമ്മിലുണ്ടായിരുന്നു. ജനനം കൊണ്ട് പത്തനം തിട്ടക്കാരനാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവനന്തപുരത്താണ്. ഞങ്ങള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമായ ശേഷം എനിക്കും ജ്യേഷ്ഠനും ഇലന്തൂരിലേക്ക് വരാന്‍ അവസരമുണ്ടാകുന്നത് സ്‌കൂളവധിയ്ക്ക് മാത്രമാണ്.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന് അപൂര്‍വമായി ലീവ് കിട്ടുമ്പോഴും ഞങ്ങള്‍ ഇലന്തൂരിലെത്തിയിരുന്നു. അമ്മയുടെ വീട്ടിലാണ് ഞാനധികവും താമസിച്ചിരുന്നത്. അതിന്റെ കാരണം അമ്മൂ മ്മയായിരുന്നു. കുട്ടിക്കഥകളുടെ ലോകം തുറന്നിട്ടുകൊണ്ട് ഒരുപാട് മനുഷ്യജീവിതങ്ങള്‍ എന്റെ മനസ്സിലേക്ക് ആദ്യം പകര്‍ത്തിയത് അമ്മൂമ്മയായിരുന്നു. കഥകള്‍ കേള്‍ക്കാനായി അമ്മൂമ്മയോട് ചേര്‍ന്നിരിക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ എന്നിലുടലെടുക്കും. അപ്പോഴെല്ലാം ‘അതെന്താ അമ്മൂമ്മ ഇങ്ങനെ… ഇതെന്താ അമ്മൂമ്മ ഇങ്ങനെ…’ എന്ന് ഞാന്‍ അമ്മൂമ്മയോടു ചോദി ച്ചുകൊണ്ടേയിരിക്കുമെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ ആ സ്വഭാവത്തിന് ഇന്നും വലിയ മാറ്റമൊന്നുമില്ല. അറിയാത്ത കാര്യങ്ങള്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാന്‍ ഇപ്പോഴും ഒരു മടിയുമില്ല. വിവരണങ്ങള്‍ കൊണ്ട് ഏറെ ഹൃദ്യമാണ് മോഹന്‍ലാലിന്റെ ആത്മകഥ.