തിരുവനന്തപുരം: തീപിടുത്തത്തെ കുറിച്ച് വിവരം അറിഞ്ഞ് എത്തിയ ജനപ്രതിനിധികളെ പോലും സെക്രട്ടറിയേറ്റിലേയ്ക്ക് പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. വി ടി ബൽറാം അടക്കമുള്ള എംഎൽഎമാരെ പോലീസ് തടഞ്ഞു വെച്ചു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. ചെന്നിത്തലയെയും സെക്രട്ടറിയേറ്റ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുവാൻ അനുവദിച്ചില്ല. തുടർന്ന് എംഎൽഎമാർ അടക്കമുള്ളവർ പ്രതിഷേധവുമായി കുത്തിയിരുന്നു. ഏറ്റവുമൊടുവിൽ നാല് എംഎൽഎമാരെ ഉള്ളിൽ പ്രവേശിപ്പിക്കുവാൻ അനുവദിക്കുകയായിരുന്നു.
തീപിടുത്തത്തിൽ നശിപ്പിക്കപ്പെട്ട ഫയലുകൾ ഏതു സ്വഭാവത്തിൽ ഉള്ളതാണ് എന്നതിനെക്കുറിച്ച് സംശയങ്ങൾ തുടരുകയാണ്. വിദേശത്തു നിന്ന് കേരളത്തിലെത്തിയ സന്ദർശനം നടത്തിയ സർക്കാർ ഗസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫയലുകളാണ് നശിപ്പിക്കപ്പെട്ടത് എന്ന സംശയം ബലപ്പെട്ടു. എൻഐഎ നടത്തുന്ന അന്വേഷണത്തിൽ ഇത് സുപ്രധാനമാണ്. 2016 മുതൽ കേരളം സന്ദർശിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ശേഖരിക്കുവാൻ ദേശീയ അന്വേഷണ ഏജൻസി ശ്രമിച്ചു വരുന്നതിനിടെയാണ് ഫയലുകൾക്ക് തീ പിടിച്ചിരിക്കുന്നത്. 2016 ന് ശേഷമുള്ള ഫയലുകൾ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പ്രോട്ടോകോൾ ഉദ്യോഗസ്ഥനെ കൊച്ചിയില്‍ നിന്ന് മടക്കി അയച്ചത്. ഇവ ശേഖരിച്ച് എൻഐഎക്ക് നൽകുവാൻ ഇരിക്കെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.