യുവേഫ കനിഞ്ഞു, നെയ്മറിന് ഫൈനൽ കളിക്കാം

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് സെമിയിൽ കോവിഡ് ചട്ടം ലംഘിച്ച നെയ്മറിനെതിരെ നടപടി വേണ്ടെന്ന് സംഘാടകരായ യുവേഫ തീരുമാനിച്ചതായി റിപ്പോർട്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പി.എസ്.ജി യുടെ സൂപ്പർ താരമായ നെയ്മറിന് കളിക്കാം എന്നുറപ്പായി.

ചട്ടലംഘനം നടത്തിയ താരത്തിനെതിരെ ഇതുവരെ പരാതികളൊന്നും യുവേഫയുടെ അച്ചടക്ക സമിതി മുൻപാകെ ലഭിച്ചിട്ടില്ല. ആയതിനാൽ ശിക്ഷാ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് യുവേഫ തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോർടുകൾ .

ലെയ്പ്‌സിഗിനെതിരായ സെമി മത്സരത്തിലെ വിജയത്തിന് ശേഷം ലെയ്പ്‌സിഗ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ബെര്‍ഗുമായി ജഴ്‌സി കൈമാറിയതാണ് നെയ്മറിന് കുരുക്കായത്. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. താരങ്ങള്‍ക്കായി ബയോബബിള്‍ സുരക്ഷയൊരുക്കിയിരിക്കുന്ന സമയത്താണ് നെയ്മര്‍ ജഴ്‌സി കൈമാറി ചട്ടലംഘനം നടത്തിയത്. ഹസ്തദാനം,ആലിംഗനം,ഒന്നിച്ചുള്ള ആഘോഷം എന്നിവയ്‌ക്കെല്ലാം കർശന നിയന്ത്രണമുണ്ട്.

കോവിഡ് നിയമപ്രകാരം നെയ്മര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകേണ്ടിവരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ പി.എസ്.ജി ക്ക് നെയ്മറില്ലാതെ കലാശപ്പോരിന് ഇറങ്ങേണ്ടി വന്നേനേ.

Share
അഭിപ്രായം എഴുതാം