വയനാട് : സ്കൂൾകുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുമായി നൽകുന്ന അരി മറിച്ച് വിൽക്കാൻ ഉള്ള ശ്രമത്തെ നാട്ടുകാർ തടഞ്ഞു. വയനാട് മാനന്തവാടി കല്ലോടി സെൻറ് ജോസഫ് യു പി സ്കൂളിലെ അധ്യാപകരാണ് ഉച്ചക്കഞ്ഞിക്കുള്ള 386 കിലോ അരി നാലാം മൈലിലെ ഹൈപ്പർമാർക്കറ്റിൽ മറിച്ചു വിൽക്കാൻ ശ്രമിച്ചത്. നാട്ടുകാരുടെ ഇടപെടലിൽ സിവിൽ സപ്ലൈസ് വിൽക്കാൻ ശ്രമിച്ച അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റി.
മിച്ചം വരുന്ന അരി സമൂഹ അടുക്കളയിലേക്ക് നൽകാവുന്നതാണ് എന്ന് നേരിട്ട് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് മറിച്ചു വിൽക്കാൻ ശ്രമിച്ച അധ്യാപകരുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായത് എന്നും നടപടിയെടുക്കണമെന്നും കാണിച്ച് എ ഇ ഒ ഉപവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. എൽപി സ്കൂളിലെ ഒരു കുട്ടിക്ക് നാലുകിലോ അരിയും യുപി സ്കൂളിലെ ഒരു കുട്ടിക്ക് ആറു കിലോ അരിയുമാണ് ഉച്ചക്കഞ്ഞിക്കായി സർക്കാർ അനുവദിക്കുന്നത്.
ഓൺലൈൻ പഠനത്തിനായി ടിവിയും മൊബൈൽ ഫോണുകളും വാങ്ങുന്നതിനുള്ള ഫണ്ടിലേക്ക് ധനസമാഹരണത്തിന് വേണ്ടി വിദ്യാർഥികളിൽ നിന്ന് സമാഹരിച്ച അരിയാണ് വില്പന നടത്തിയതെന്ന് അധ്യാപകരുടെ വാദം. സംഭവത്തിൽ നടപടി വേണമെന്ന് അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.