വാഷിങ്ടണ്‍: യുഎസ്- അഫ്ഗാന്‍ സേനയ്‌ക്കെതിരേ തിരിയാന്‍ താലിബാനെ സഹായിക്കുന്നത് ഇറാനെന്ന് യുഎസ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇറാന്റെ സഹായത്താല്‍ ആറ് ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ഡിസംബറില്‍ രണ്ട് അഫ്ഗാന്‍ പൗരന്‍മാരുടെ മരണത്തിനിടാക്കിയ ആക്രമണവും ഉള്‍പ്പെടും. അതേസമയം, സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഇറാന്‍ നല്‍കിയ ആയുധമാണ് താലിബാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിന് തെളിവൊന്നും ഇതുവരെ ഹാജരാക്കപ്പെട്ടിട്ടില്ല. താലിബാന് ആയുധം നല്‍കുന്നുണ്ടെന്ന ആരോപണത്തെ ഇറാന്‍ നിഷേധിക്കുന്നുമുണ്ട്.
നേരത്തെ ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്നും ഒരു ആരോഗ്യരക്ഷാ പ്രവര്‍ത്തനം കഴിഞ്ഞ് വരികയായിരുന്നു യുഎസ്സിന്റെ സികോര്‍സ്‌കി യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റര്‍ ആക്രമണത്തില്‍ നിയന്ത്രണം തെറ്റി വീണിരുന്നു. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ വര്‍ഷം നടക്കുന്ന സമാനമായ രണ്ടാമത്തെ ആക്രമണമാണിത്. ഒരു ടാങ്ക് വേധ മിസ്സൈലാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാം ഉപയോഗിച്ചിരിക്കുന്നത്. ജനുവരിയിലാണ് ഇതേ മിസ്സൈലുപയോഗിച്ചുള്ള ആദ്യത്തെ ആക്രമണം നടന്നത്. ആദ്യ ആക്രമണം എന്തുപയോഗിച്ചാണ് നടത്തിയതെന്നതില്‍ വ്യക്തത വന്നിരുന്നില്ല. ഇപ്പോള്‍ യുഎസ്-അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് ഒരേ ആയുധങ്ങളാണ് ഉപയോഗിച്ചിരിക്കുക എന്നാണ്. ഈ ആയുധങ്ങള്‍ താലിബാന് ലഭിക്കാന്‍ ഒരേയൊരു വഴിയേ അവര്‍ കാണുന്നുള്ളൂ. ഇറാന്‍ ആയുധം നല്‍കുന്നുണ്ട്.
ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ യുഎസ്സിനെയും അഫ്ഗാനെയും സംബന്ധിച്ചിടത്തോളം കാര്യം വളരെ ഗൗരവപ്പെട്ടതാണ്. യുഎസ്സിന് ഇത് വലിയൊരു തിരിച്ചടിയും നല്‍കും. അഫ്ഗാന്‍ ദൗത്യം കുറച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടയിലാണിത് സംഭവിക്കുന്നത്. യുഎസ്സിന്റെ ദൗത്യം അവരവകാശപ്പെടുന്നതു പോലെ വിജയമായില്ലെന്ന ധാരണ വളര്‍ത്താന്‍ ഇറാന്റെ ഈ നീക്കത്തിന് സാധിക്കും. അത് നയതന്ത്രപരമായി യുഎസ്സിന് ദോഷം ചെയ്യും. താലിബാന് കുറെക്കൂടി ഉയര്‍ന്ന സൈനികശേഷി ലഭിക്കുന്നുവെന്നതും പ്രശ്‌നമാണ്.