ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരന്ന 60 വയസുകാരന് പട്ടിണികിടന്ന് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍ണ്ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. 2020 ആഗസ്റ്റ് 15 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു.
വൃദ്ധന് ഭക്ഷണം നല്കാന് കുടുംബംഗങ്ങള്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടുദിവസത്തിനിടെ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചുനല്‍കിയതെന്നും ഭക്ഷണത്തിനുവേണ്ടി യാചിക്കുന്ന ശബ്ദം വീട്ടില്‍ നിന്ന് കേട്ടിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. പട്ടിണി മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒറ്റക്ക് താമസിക്കാന്‍ 60 കാരന് സ്വമേധയാ തയ്യാറാവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. രോഗിയെ ചികിത്സിക്കാന്‍ മെഡിക്കല്‍ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന വിവരം ജില്ലാഭരണകൂടം അന്വേഷിക്കും

