മനാമ: ബഹ്‌റൈനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഗണേശ ചതുര്‍ത്ഥിയ്ക്ക് മുന്നോടിയായി എത്തിച്ച ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച 54കാരിക്കെതിരേ നിയമനടപടി സ്വീകരിച്ച് ബഹ്‌റൈന്‍ സര്‍ക്കാര്‍.
ഈ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തതായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരിയാണെന്നു പുറത്ത് വിട്ടിട്ടില്ല.പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പനക്കായി വച്ചിരുന്ന വിഗ്രഹങ്ങള്‍ എറിഞ്ഞുടക്കുകയായിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരാക്കുകയും ചെയ്തു.കുറ്റം പബ്ലിക് പ്രോസിക്യൂട്ടറുടെ മുന്‍പാകെ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. അടുത്തുതന്നെ ഇവരെ ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും. പിന്നീട് ഇവര്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.